siri

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അടുത്ത മാസം 16ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഉറപ്പായി.

മത്സരിക്കാൻ പണം കെട്ടിവച്ച് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്‌ക്ക് അവസാനിച്ചപ്പോൾ സിരിസേന ഒഴികെ 41 സ്ഥാനാ‌ർത്ഥികളാണ് ലിസ്റ്റിൽ ഉള്ളത്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി വ്യക്തമാക്കി. അഞ്ച് വർഷ കാലാവധി തീരാൻ 52 ദിവസം ശേഷിക്കെ ആയിരിക്കും അദ്ദേഹം പടി ഇറങ്ങുന്നത്.

ശ്രീലങ്കൻ രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനമുള്ള മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ കുടുംബം രണ്ട് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതു കൂടി കണക്കിലെടുത്താണ് സിരിസേനയുടെ പിൻമാറ്റം.

കഴിഞ്ഞ വർഷം സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദരാജപക്സെയെ ആ സ്ഥാനത്ത് നിയമിച്ചത് വിവാദമായിരുന്നു. ശ്രീലങ്കൻ സുപ്രീംകോടതി ആ നടപടി റദ്ദാക്കി വിക്രമസിംഗെയെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത് സിരിസേനയ്‌ക്ക് തിരിച്ചടിയായിരുന്നു.

ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാജപക്സെയുടെ ജ്യേഷ്‌ഠ സഹോദരൻ ചമാൽ രാജപക്‌സെയും ഇളയ സഹോദരൻ ഗോതാഭയ രാജപക്സെയും ആണ് ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ സ്ഥാനാർത്ഥികൾ. ഗോതാഭയയാണ് മുൻനിരയിലുള്ളത്. രാജപക്‌സെയുടെ പത്ത് വർഷത്തെ ഭരണകാലത്ത് അദ്ദേഹം പ്രതിരോധ സെക്രട്ടറിയായിരുന്നു. നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ അദ്ദേഹത്തിന്റെ ശ്രീലങ്കൻ പൗരത്വത്തിന്റെ സാധുതയും കോടതിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്. നേരത്തേ അമേരിക്കൻ പൗരത്വം ഉണ്ടായിരുന്നു.2003ൽ യു. എസ് പൗരത്വം ഉപേക്ഷിച്ചെന്നാണ് ഗോതാഭയയുടെ വാദം. അദ്ദേഹത്തിന് അയോഗ്യത വന്നാൽ പകരക്കാരനായാണ് പാർലമെന്റ് മുൻ സ്പീക്കർ കൂടിയായ ചമാലിനെ നി‍ർത്തിയിരിക്കുന്നത്.

വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാ‌ർത്ഥി സജിത് പ്രേമദാസയാണ്.

ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ തീപ്പൊരി നേതാവ് അനുര കുമാര ദിസനായകെ,​ നാഷണൽ പീപ്പിൾസ് മൂവ്മെന്റിന്റെ പ്രതിനിധിയായി മുൻ കരസേനാ മേധാവി മഹേഷ് സേനാനായകെ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ.

18 വയസിൽ കൂടുതലുള്ള ഒന്നര കോടി വോട്ടർമാരാണ് ശ്രീലങ്കയിൽ ഉള്ളത്.