കണ്ണൂർ: കാമുകിയിൽ നിന്നും തനിക്ക് അയച്ചുകിട്ടിയ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴവ സ്വദേശിയായ കെ.വി. നജീമാണ് കണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. വെൽഡിങ് ജോലി ചെയ്യുന്ന നജീം ഫേസ്ബുക്കിലൂടെയാണ് കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
അധികം താമസിയാതെ തന്നെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലാകുകയും തുടർന്ന് നജീം ലാബ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുന്ന പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രണയം മൂർച്ഛിച്ച വേളയിൽ ഇയാളുടെ വാക്കുകൾ വിശ്വസിച്ച പെൺകുട്ടി ഇയാൾക്കായി തന്റെ നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്തു. എന്നാൽ വാട്സ്ആപ്പിലൂടെ അയച്ചുകിട്ടിയ സ്വന്തം കാമുകിയുടെ ചിത്രങ്ങൾ അധികം വൈകാതെ തന്നെ ഇയാൾ പെൺകുട്ടിയുടെ അറിവില്ലാതെ തന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയായിരുന്നു.
തങ്ങളുടെ സുഹൃത്തിന്റെ കാമുകിയുടെ നിരവധി നഗ്നചിത്രങ്ങളാണ് ഇവരുടെ കൈകളിലേക്ക് എത്തിയത്. തുടർന്ന് പെൺകുട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നജീമിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ വിളിക്കുകയും കൂടുതൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് താൻ കാമുകനാൽ വഞ്ചിക്കപ്പെട്ട വിവരം പെൺകുട്ടി മനസിലാക്കുന്നത്. തുടർന്ന് പെൺകുട്ടി കണ്ണൂർ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു.