തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ആട്ടോറിക്ഷയിൽ കറങ്ങി മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തിലെ പ്രധാനി പിടിയിൽ. ശംഖുംമുഖം രാജീവ് നഗർ പുതുവൽ പുത്തൻ വീട്ടിൽ അനൂപ് (24) ആണ് പിടിയിലായത്. ഈ സംഘത്തിലെ സഞ്ജു എന്നായാളെ കഴിഞ്ഞ ആഴ്ച ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ജാമ്യത്തിലിറക്കാൻ പണം സ്വരൂപിക്കുന്നതിനായി ആനൂപ് ഉൾപ്പെടുന്ന നാൽവർ സംഘം പോങ്ങുംമൂട് ഭാഗത്ത് മോഷണത്തിന് ശ്രമിക്കുന്നതിനിടെ സംഘത്തിലെ രണ്ടുപേരെ സിറ്റി പൊലീസ് പിടികൂടിയിരുന്നു. എന്നാൽ വിദഗ്ദ്ധമായി രക്ഷപ്പെട്ട അനൂപ് മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. മാല പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്ക് വലിയതുറ, മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവരെ പിടികൂടുന്നതിനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഡി.സി.പിമാരായ ആർ. ആദിത്യ, മുഹമ്മദ് ആരിഫ്, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ് .എം.എസ്, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ന്യൂമാൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.