സിനിമ ഡയലോഗിന്റെ അകമ്പടിയോടെ സ്ത്രീവിരുദ്ധ പോസ്റ്റിട്ട കേരള പൊലീസിനെതിരെ വൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. ഇന്നലെ ആലുവയിലെ ഒരു സെക്യൂരിറ്റിക്കാരനെ യുവതി മർദ്ദിച്ച കാര്യം സംബന്ധിച്ചുള്ള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സ്ത്രീവിരുദ്ധത കടന്നുകൂടിയത്. അന്യായമായി സെക്യൂരിറ്റിക്കാരനെ മർദിച്ച ഈ സ്ത്രീയെ അറസ്റ്റ് ചെയ്ത വിവരം 'മാഡത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് 'സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ കേരള'യുടെ ഫേസ്ബുക്ക് പേജ് പങ്കുവച്ചത്. ഇത് പോരാഞ്ഞ്, 'ദ കിംഗ്' സിനിമയിലെ 'ഇനി ഒരാണിന്റെയും നേരെ ഉയരില്ല നിന്റെയീ കയ്യ്' എന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സംഭാഷണവും പോസ്റ്റിനൊപ്പം നൽകിയ വീഡിയോയിൽ ചേർത്തിരുന്നു.
പോസ്റ്റിട്ട് അധികം സമയം കഴിയുംമുൻപ് തന്നെ കേരള പൊലീസിന്റെ ഈ പിന്തിരിപ്പൻ മനോഭാവത്തിനെതിരെ നിരവധി പേർ സോഷ്യൽ മീഡിയ വഴി രംഗത്തെത്തി. കൂടുതലും സ്ത്രീകളാണ് ഫേസ്ബുക്കിലൂടെയും മറ്റും കേരള പൊലീസിന്റെ ഈ നടപടിയോടുള്ള തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയത്. യുവതി സെക്യൂരിറ്റിക്കാരന്റെ മുഖത്തടിച്ചത് തെറ്റ് തന്നെയാണെന്ന് സമ്മതിക്കുമ്പോഴും കേരള പൊലീസിന്റെ ഈ പോസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും പൊലീസുകാരുടെ ഉള്ളിലുള്ള സെക്സിസമാണ്(ലിംഗവിവേചനം) ആണ് ഇത് വെളിവാകുന്നതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നു.
പോസ്റ്റിനെതിരെ കോടതിയെ സമീപിക്കാൻ വകുപ്പുണ്ടെന്നും അത് മനസിലാക്കാനുള്ള വിവരമില്ലാത്തവരാണോ സേനയിലുള്ളതെന്നും ഇവർ ചോദിക്കുന്നുണ്ട്. 'പൊലീസുകാർക്കിട്ട് രണ്ട് പൊട്ടിക്കേണ്ടതാണ്' എന്നാണ് തന്റെ പ്രതിഷേധമറിയിച്ചുകൊണ്ട് ഒരു സ്ത്രീ പറഞ്ഞിരിക്കുന്നത്. ഏതായാലും പോസ്റ്റ് വിവാദമായതോടെ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട് . ഇന്നലെയാണ് ആലുവയിലെ ഒരു സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന തന്റെ വാഹനം നീക്കി വച്ച സെക്യൂരിറ്റി ജീവനക്കാരനെ യുവതിമുഖത്തടിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.