കൊല്ലം: പാരിപ്പള്ളിയിലെ നാല് വയസുകാരി ദിയ മരണപ്പെട്ടത് അമ്മയുടെ മർദ്ദനംകാരണമല്ല, മറിച്ച് കടുത്ത ന്യുമോണിയ രോഗവും മസ്തിഷ്ജ്വരവും മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ പാരിപള്ളിയിലെ ആശുപത്രിയിലേക്കെത്തിച്ച ദിയയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരുന്നതിനാണ് ദിയയെ അമ്മ ക്രൂരമായി അടിച്ചത്.
താൻ തന്നെയാണ് കുട്ടിയെ മർദിച്ചതെന്ന് അമ്മ സമ്മതിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് കുട്ടി മരിച്ചത് മർദ്ദനം മൂലമാണെന്ന് ആദ്യനിഗമനമുണ്ടായത്. ഇതിനെ തുടർന്ന് അമ്മ പൊലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. എന്നാൽ അസുഖം കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചത് അമ്മയുടെ മർദ്ദനം മൂലമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിയുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പാരിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടി രക്തം ഛർദിച്ചതിനെ തുടർന്ന് കഴക്കൂട്ടം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരിക്കുന്നത്. മസ്തിഷ്കജ്വരം കാരണമാകാം കുട്ടി രക്തം ഛർദിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
കുഞ്ഞിന്റെ മരണം മർദ്ദനം മൂലമല്ലെന്ന് തെളിഞ്ഞതോടെ ജുവനൈൽ ജസ്റ്റിസ് പ്രകാരമുള്ള നോട്ടീസ് നൽകി മാതാപിതാക്കളെ വിട്ടയക്കുമെന്ന് പാരിപ്പള്ളി സി.ഐ രാജേഷ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അതേസമയം കുഞ്ഞിനെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം അമ്മയ്‌ക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യും. കുട്ടിയുടെ മരണാന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകാനാണ് പൊലീസ് അമ്മയോട് ആവശ്യപ്പെട്ടിരിക്കുന്നത്.