ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മൂർച്ഛിച്ചതോടെ ചൈനയിൽ നിന്ന് ചൈനീസ് കമ്പനികൾ പോലും കൂടൊഴിയുകയാണ്. ഫാക്‌ടറികൾ അവ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നു. ഈ സാഹചര്യം ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാൽ, ചൈനയിൽ നിന്ന് കൂടൊഴിഞ്ഞവർ ഇന്ത്യയിൽ ചേക്കേറുന്നില്ല എന്നതാണ് വാസ്‌തവം.
ചൈനയിൽ നിന്ന് പറിച്ചുമാറ്റപ്പെട്ട കമ്പനികളിൽ ഏറ്റവുമധികവും ചെന്നെത്തിയത്, മറ്റൊരു ഏഷ്യൻ വികസ്വര രാജ്യമായ വിയറ്റ്‌നാമിലാണെന്ന് ബ്ളൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിക്ഷേപം താരതമ്യേമ ഏറ്റവും സുഖകരവും സൗഹാർദ്ദവുമാണെന്നതാണ് വിയറ്ര്‌നാമിന്റെ പ്രത്യേകത. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശും ശ്രീലങ്കയും ഉൾപ്പെടെയുള്ള മറ്ര് ദക്ഷിണേഷ്യൻ രാജ്യങ്ങളും ഇത്തരത്തിൽ മാനുഫാക്‌ചറിംഗ് നിക്ഷേപം ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.
നിയമം, നികുതി എന്നിവയിലെ സുതാര്യതക്കുറവ്, ഉയർന്ന നികുതി വ്യവസ്ഥകൾ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. കാർഷിക-ഗ്രാമീണ സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോഴും ഇന്ത്യയുടെ നട്ടെല്ല്. സേവന മേഖലയെ ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നു. എന്നാൽ, ഏറെ സാദ്ധ്യതകളുള്ള മാനുഫാക്‌ചറിംഗ് രംഗത്ത് നിക്ഷേപം ആകർഷിക്കാൻ ഇനിയും ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. നിക്ഷേപകർ വരുമെന്നും അവർക്കായി ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ലെന്നും എന്ന ധാരണ ഇന്ത്യൻ ഭരണകൂടത്തിനുണ്ടെന്നും അതു മാറ്റേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
മത്സരക്ഷമതയിലാണ് ചൈനയിൽ നിന്നുള്ളവയടക്കം മാനുഫാക്‌ചറിംഗ് കമ്പനി ഉറ്റുനോക്കുന്നത്. സർക്കാർതല 'ഗിമ്മിക്കുകൾ" നിക്ഷേപകരെ ആകർഷിക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി, ജല വിതരണം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കേണ്ടതും നിക്ഷേപം ആകർഷിക്കാൻ അത്യാവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
വെല്ലുവിളിയായി വിയറ്റ്‌നാമും
ആഫ്രിക്കൻ രാജ്യങ്ങളും
ചൈനയിൽ നിന്ന് കൂടൊഴിയുന്ന കമ്പനികൾ ചേക്കേറുന്നത് കൂടുതലായും വിയറ്ര്‌നാമിലും സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലുമാണ്. എതോപ്യ അടുത്തിടെ മാത്രം സാക്ഷാത്കരിച്ചത് പത്തിലേറെ വ്യവസായ പാർക്കുകളാണ്. ലോകബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 2012ന് ശേഷം ഏറ്റവുമധികം നിക്ഷേപ സൗഹൃദ നിയമ പരിഷ്‌കാരങ്ങൾ ഉണ്ടായത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്.
സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ 70 മടങ്ങ് വലുതാണ് ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ ജി.ഡി.പി. എന്നാൽ, ദക്ഷിണേഷ്യ 2012ന് ശേഷം നേടിയ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നിന് തുല്യ നിക്ഷേപം ഇക്കാലയളവിൽ സബ്-സഹാറൻ ആഫ്രിക്ക സ്വന്തമാക്കി.