പാലാ : സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റസംഭവത്തിൽ പൊലീസ് സംഘാടകരെ ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏഴുപേരെയാണ് ചോദ്യം ചെയ്തത്. മേള നടത്തിപ്പിന് നഗരസഭയിൽ നിന്ന് ലൈസൻസ് എടുക്കാത്തതെന്ത് ?, ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ കായികമേള പെരുമാറ്റച്ചട്ടം മറികടന്ന് നടത്തിയതെന്തിന് ? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും സംഘാടകർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവമൂലം അപകടം വരുത്തിയതിന് 338ാംവകുപ്പുപ്രകാരമാണ് നിലവിൽ കേസെടുത്തിട്ടുള്ളതെങ്കിലും ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാലപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കുമെന്നാണ് സൂചന.
മേളയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്ന നഗരസഭ വാദവും അന്വേഷണ പരിധിയിൽ വരുമെന്ന് സി.ഐ വി.എ. സുരേഷ് പറഞ്ഞു. നഗരസഭയിൽ സംഘാടകർ കൊടുത്തിരുന്നതായി പറയപ്പെടുന്ന അപേക്ഷയുടെ പകർപ്പ് ബുധനാഴ്ച പൊലീസ് ശേഖരിക്കും. മുനിസിപ്പൽ ഉദ്യോഗസ്ഥരിൽ നിന്നും തെളിവുകൾ ശേഖരിക്കും. സംഘാടകർക്കു ഗുരുതരമായ വീഴ്ച പറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. സംഘാടകരിൽ ചിലരുടെ ഫോൺ കാളുകളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി അഫീൽ ജോൺസന്റെ നില ഗുരുതരമായി തുടരുകയാണ്.