പെരുമ്പാവൂർ: ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിൽ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പിന്നാക്കക്കാരായ വിദ്യാർത്ഥികളെ ഒഴിവാക്കിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പിന്നാക്കവിഭാഗ വികസന വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനങ്ങളിലെ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. സർക്കാർ തലത്തിൽ ഉദ്യോഗസ്ഥർ പിന്നോക്കക്കാരെ ഒഴിവാക്കാൻ നടത്തിയ ഗൂഢനീക്കം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനും ശാഖകളും പോഷക സംഘടനകളും നൽകിയ സ്വീകരണയോഗവും യൂണിയൻ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കുള്ള വായ്പാവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിതരായ ഇതരസമുദായങ്ങൾ ഈഴവ സമുദായം ഒറ്റക്കെട്ടല്ലാത്തതിനാൽ നമ്മുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണ്. അജ്മാനിലെ വ്യാജ ചെക്ക് കേസിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തനിക്കുവേണ്ടി ഇടപെട്ടത് മാനുഷികമായ പരിഗണനയിലാണ്. താൻ തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം അവർക്കുണ്ടായിരുന്നു. സാമുദായിക പരിഗണന അവിടെ ഉണ്ടായിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ ആനുകാലിക സാമൂഹിക പ്രശ്‌നങ്ങളിൽ യോഗത്തിന്റെ കാഴ്ച്ചപ്പാട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅംഗം എം.എ. രാജു, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ രാജേഷ് അലക്‌സ്, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, യോഗം ഡയറക്ടർ ബോർഡംഗം സജീവ് പാറയ്ക്കൽ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.