ന്യൂഡൽഹി: 2022ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊർജം (റിന്യൂവബിൾ എനർജി) ഉത്‌പാദിപ്പിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം കണ്ടേക്കില്ലെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിൽ അഭിപ്രായപ്പെട്ടു. ലക്ഷ്യമിട്ടതിനേക്കാൾ 42 ശതമാനം വരെ കുറവായിരിക്കും 2022ൽ ഉത്‌പാദനം. സർക്കാർ നയത്തിലെ അസ്ഥിരതയും കുറഞ്ഞ താരിഫുമാണ് കാരണം.

ഈ വർഷം പ്രതീക്ഷിക്കുന്ന ഉത്‌പാദനം 64.4 ജിഗാവാട്ടാണ്. 2022ഓടെ ഇത് 104 ജിഗാവാട്ട് വരെയായി ഉയരാനാണ് സാദ്ധ്യത. ഈവർഷത്തെ 64.4 ജിഗാവാട്ട് പദ്ധതിയിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വിളിച്ച ടെൻഡറിൽ 26 ശതമാനത്തിലും അപേക്ഷകർ ഇല്ലായിരുന്നു. താത്പര്യപത്രം ലഭിച്ച പദ്ധതികളിൽ 31 ശതമാനവും കാലതാമസം നേരിടുകയുമാണ്.