ജമ്മു: ഗന്ദർബാൽ ജില്ലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഗന്ദർബാൽ വനമേഖലയിൽ സൈനികരെ വിന്യസിച്ചു.. പ്രദേശത്തേക്ക് കമാൻഡോ വിഭാഗത്തെ എയർഡ്രോപ്പ് ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
പ്രദേശത്തെ സൈനിക വിഭാഗമാണ് ഭീകരവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വനമേഖലയിൽ റോഡ് ഗതാഗതം സാധ്യമല്ലാത്ത പർവതപ്രദേശങ്ങളിലേക്കാണ് കമാൻഡോകളെ എയർഡ്രോപ്പ് ചെയ്തത്. കരസേനയുടെ പാരാ കമാൻഡോകളെയാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.
കമാൻഡോകൾ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തും. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത്കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരർ ദക്ഷിണ കാശ്മീരിലെ ത്രാൽ ടൗണിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം.
സെപ്തംബർ 17 ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 2014ന് ശേഷം പ്രദേശത്തുണ്ടായ ആദ്യ ഏറ്റുമുട്ടലാണ് ഇതെന്നാണ് സൈനിക വൃത്തങ്ങൾ നല്‍കുന്ന വിവരം.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദ് ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ..