dulquer-salman

തന്റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പി'ന്റെ പുതിയ പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട് യുവനടൻ ദുൽഖർ സൽമാൻ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ 'ഭാസി പിള്ള'യായി എത്തുന്ന ഷൈൻ ടോം ചാക്കോ ആണ് ഈ പുതിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഷൈൻ മയങ്ങിയ കണ്ണുകളുമായി ബീഡി വലിച്ചുകൊണ്ട് ഒരു കാറിന് പുറത്തേക്ക് നോക്കുന്നതായാണ് പോസ്റ്ററിൽ കാണുന്നത്. താൻ കൂടെ അഭിനയിച്ച ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷൈൻ എന്നാണ് ദുൽഖർ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

തങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്റെ ഓർമയിൽ ഉണ്ടെന്നും ഷൈൻ തുടർന്നും തന്റെ നിർമാണ കമ്പനിയായ വേഫാറർ പ്രൊഡക്ഷൻസിന്റെ ഭാഗമാകാണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദുൽഖർ തന്റെ കുറിപ്പിൽ പറയുന്നു. തുടർന്നും ഷൈനിനെ പുകഴ്ത്തുന്ന ദുൽഖർ അദ്ദേഹം ഒരു തികഞ്ഞ പ്രൊഫഷനലും ജെന്റിൽമാനും ആണെന്നും ഷൈൻ കഥാപത്രമായി മാറുന്നത് കണ്ട് മിക്ക ദിവസങ്ങളിലും താൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഷൈനിന്റെ ക്യാരക്ടർ പോസ്റ്റർ ഫേസ്ബുക്ക് വഴിയാണ് പുറത്തുവിട്ടത്. ചിത്രത്തിൽ വിവാദനായകനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.