തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.ഡി.എ മുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ബി.ഡി.ജെ.എസ്. പാർട്ടി എൻ.ഡി.എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിക്കൊണ്ടിരിക്കെ അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യതകൾ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തള്ളിയിട്ടില്ല. ബി.ഡി.ജെ.എസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ എൻ.ഡി.എയിൽ തുടർന്നുപോകാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനമെന്നും തുഷാർ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം പാലാ തെരഞ്ഞെടുപ്പിലും മറ്റിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സ്വീകരിച്ച ചില നിലപാടുകൾ ബി.ജെ.പി നേതാക്കളെ വെട്ടിലാക്കിയിരുന്നു. എൽ.ഡി.എഫിനെ അനുകൂലിക്കുന്നുവെന്ന തരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളാണ് ബി.ഡി.ജെ.എസ് മുന്നണി വിട്ടേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിന് കാരണമായത്.