കൊഴുപ്പും ഹൃദയാരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം അറിയാമല്ലോ. തെറ്റായ ഭക്ഷണശീലങ്ങൾ അനാരോഗ്യകരമായ കൊഴുപ്പ് ശരീരത്തിലെത്താൻ കാരണമാകുന്നു. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ കുറയുന്നതും ചീത്ത കൊളസ്ട്രോൾ നില ഉയരുന്നതും ഹൃദയത്തെ അപകടത്തിലാക്കും.
രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് പ്ളേക്കുകൾ രൂപം കൊള്ളാനും രക്തപ്രവാഹത്തെ തടസപ്പെടുത്താനും കാരണമാകും. എണ്ണപ്പലഹാരങ്ങൾ, ബേക്കറി ഭക്ഷണം, ഫാസ്റ്ര് ഫുഡ്, റെഡ് മീറ്ര് ( കാള, പോത്ത്, പന്നി, മാട്ടിറച്ചി ) എന്നിവയും പൂരിത കൊഴുപ്പും ( വെണ്ണ, നെയ്യ്, ഹൈഡ്രോജിനേറ്റഡ് ഫാറ്ര് ) ഹൃദയത്തിന് വളരെയധികം ദോഷമുണ്ടാക്കും. ഒരേ എണ്ണ നിരവധി തവണ പാചകത്തിന് ഉപയോഗിക്കുന്നതാണ് മറ്റൊരു വൻ ഭീഷണി. ഇതിലുള്ള ട്രാൻസ് ഫാറ്റി ആസിഡുകളാണ് അപകടകാരികളായി മാറുന്നത്.
ഒമേഗ ത്രി ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും അടങ്ങിയിട്ടുള്ള മത്സ്യങ്ങളായ അയല, മത്തി, ചൂര എന്നിവ ഹൃദയത്തെ സംരക്ഷിക്കും.