jolly

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇയാളെ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ഷാജു അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

അതേസമയം, ഭാര്യ സിലി മരണപ്പെടുന്നതിന് മുമ്പും ജോളി തന്നോട് താൽപര്യം പ്രകടിപ്പിച്ചിരുന്നെന്ന് ഷാജു പറഞ്ഞു. സിലി മരിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. 2002നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ,​ മകൻ റോയി തോമസ്,​ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളും ഷാജുവിന്റെ ഭാര്യയുമായ സിലി,​ ഇവരുടെ രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.റോയിയുടെ സഹോദരൻ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2016ലായിരുന്നു സിലിയുടെ മരണം. തൊട്ടടുത്ത വർഷം തന്നെ ഷാജു ജോളിയെ വിവാഹം ചെയ്തു. കുടുംബാംഗങ്ങളുൾപ്പെടെ നിരവധി പേരുടെ എതിർപ്പ് വിവാഹത്തിന് ഉണ്ടായിരുന്നു.

അതേസമയം കൊലപാതകങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ജോളിയെ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 11 പേർ നിരീക്ഷണത്തിലാണ്. വ്യാജ ഒസ്യത്ത് നിർമ്മിക്കാൻ ജോളിയെ സഹായിച്ചവരും കൂട്ടത്തിലുണ്ട്. നിരീക്ഷണത്തിലുള്ള 11 പേർക്കും കൊലപാതകങ്ങളിൽ പ്രകടമായ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇവരിൽ കൊല ആസൂത്രണം ചെയ്യാൻ സഹായിച്ചവരിലേക്ക് തിരിഞ്ഞുകഴിഞ്ഞതായാണ് സൂചന. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവാണ് മറ്റൊരു പ്രധാന കണ്ണി. ഇയാൾക്ക് അഞ്ച് തവണ സയനൈഡ് നൽകിയിട്ടുണ്ടെന്ന് അറസ്റ്റിലായ സ്വർണത്തൊഴിലാളി പ്രജികുമാർ മൊഴി നൽകിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയത്. ജോളി ഇത് ഉപയോഗിക്കുന്നത് കൊലപാതകത്തിനാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് വിവരം.