koodathyi

കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിൽ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ മുഖ്യപ്രതി ജോളിയുടെ മൊഴി. ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊന്നത് താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാൽ തനിക്ക് ദു:ഖമില്ലെന്നും, അവൾ മരിക്കേണ്ടവൾ തന്നെയായിരുന്നെന്നായിരുന്നു പ്രതികരണം. ഇത് മറ്റാരും അറിയരുതെന്ന് ഷാജു പ്രത്യേകം പറഞ്ഞെന്നും ജോളി പറഞ്ഞു.

അതേസമയം, ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി തന്നോട് താൽപര്യം കാണിച്ചിരുന്നെന്നും, മരണം സംഭവിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയാണെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഷാജുവിനെ വിളിപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ പൊന്നമറ്റം വീട്ടിൽ നിന്ന് വലിയൊരു ചാക്ക് നിറയെ സാധനങ്ങളുമായി ഇയാൾ ഓട്ടോയിൽ കയറി പോയത് അന്വേഷണ സംഘത്തിനും നാട്ടുകാരിലും സംശയം ഉണ്ടാക്കിയിരുന്നു.

2014ലാണ് അദ്ധ്യാപകനായ ഷാജുവിന്റെ രണ്ടുവയസുകാരിയായ മകൾ അൽഫൈൻ മരിക്കുന്നത്. മേയ് മൂന്നാം തീയതി കുട്ടിയുടെ സഹോദരന്റെ ആദ്യ കുർബാനയായിരുന്നു. അന്ന് രാവിലെ ബ്രഡും ഇറച്ചിക്കറിയും കഴിച്ചതിന് പിന്നാലെ ബോധരഹിതയായ രണ്ടുവയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം മരണം സംഭവിച്ചു.

2016 ജനുവരിയിലാണ് സിലിയുടെ മരണം. ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരികെ താമരശ്ശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയി. ജോളിയും ഇവർക്കൊപ്പമുണ്ടായിരുന്നു. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു.