koodathayi-

കോട്ടയം : കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ചങ്ങനാശേരി മഹാദേവൻ കൊലക്കേസും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇരുകേസുകളും തമ്മിൽ സമാനതകളേറെയാണ്. രണ്ടും തെളിയച്ചതാകട്ടെ എസ്.പി കെ.ജി സൈമണും.

1995 ലെ ചതയദിനത്തിലാണ് മതുമൂല ഉദയാ സ്റ്റോഴ്‌സ് ഉടമ പുതുപ്പറമ്പ് തുണ്ടിയിൽ വിശ്വനാഥൻ ആചാരിയുടെ മകൻ മഹാദേവനെ (13) കാണാതാകുന്നത്. പത്തൊൻപതര വർഷത്തിന് ശേഷം 2014 ലാണ് മഹാദേവൻ കൊലക്കേസിന്റെ ചുരുൾ കെ.ജി സൈമൺ അഴിച്ചത്. ഒപ്പം മറ്റ് രണ്ട് കൊലപാതകങ്ങളും.

കൂടത്തായി കേസിലെ പ്രതി ജോളി ഭർത്താവിനെയും ഭർത്തൃമാതാപിതാക്കളെയും അടക്കം ആറു പേരെ കൊലപ്പെടുത്തിയപ്പോൾ, ചങ്ങനാശേരിയിൽ മഹാദേവനും കൊലപാതകത്തിന് കൂട്ടുനിന്നയാളുമാണ് കൊല ചെയ്യപ്പെട്ടത്. കേസിലെ പ്രതി വാഴപ്പള്ളി ഇളയമുറി ഹരികുമാറിന്റെ (ഉണ്ണി ) അളിയന്റെ മരണത്തിലും ദുരൂഹത തുടരുകയാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും മഹാദേവനെ കണ്ടെത്താനായില്ല. 2013 ൽ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പിതാവിന്റെ എതിർവാദത്തെ തുടർന്ന് കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന സൈമണായിരുന്നു അന്വേഷണ ചുമതല. 2014 ൽ പ്രതിയെ പിടികൂടി.

സംഭവം ഇങ്ങനെ:

സൈക്കിൾ നന്നാക്കാൻ ഹരികുമാറിന്റെ കടയിലെത്തിയ മഹാദേവനെ മാല സ്വന്തമാക്കാൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടയിലുണ്ടായിരുന്ന സലിയുമായി ചേർന്ന് പാറക്കുളത്തിൽ മൃതദേഹം തള്ളി. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന സലി പിന്നീട് ഹരികുമാറിനെ ബ്ലാക്ക്മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചു. തുടർന്ന് സലിയെ സയനൈഡ് നൽകി കൊലപ്പെടുത്തി അതേ പാറമടയിൽ തള്ളി. രണ്ടുവർഷത്തിന് ശേഷം ഹരികുമാറിന്റെ അളിയൻ കണ്ണൻ കുളിമുറിയിൽ വീണ് തലപൊട്ടി മൂന്നുമാസത്തെ ചികിത്സയ്ക്ക് ശേഷം മരണമടഞ്ഞു. പാറമട വറ്റിച്ചാണ് മഹാദേവന്റെയും സലിയുടെയും മൃതദേഹം കണ്ടെത്തിയത്.

മരിച്ചത് ഇവർ

മഹാദേവൻ

കോനാരി സലി

പ്രമോദ് (കണ്ണൻ)

സമാനതകൾ ഇങ്ങനെ

കേസ് തെളിഞ്ഞത് ഒന്നര പതിറ്റാണ്ടിന് ശേഷം

നിർണായകമായത് ബന്ധുക്കളുടെ സംശയം

പ്രാഥമികാന്വേഷണത്തിൽ ലോക്കൽ പൊലീസിന്റെ വീഴ്ച

സലിയെ കൊലപ്പെടുത്തിയത് സയനൈഡ് നൽകി