bjp-

മുംബയ്: ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു. മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ട്രയിലെ ബി.ജെ.പി കോർപ്പറേഷൻ അംഗമായ രവീന്ദ്ര ഖാരത്ത് (55)​,​സഹോദരൻ സുനിൽ(56)​,​ മക്കളായ പ്രേംസാഗർ(26)​,​രോഹിത്(25)​ സുഹൃത്തായ ഗജാരെ എന്നിവരാണ് കൊല്ലപ്പെട്ടത്.

നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി രവീന്ദ്രയുടെ വീട്ടിലെത്തിയ അക്രമി സംഘം ഇവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ വെടിവച്ചശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികൾ പിന്നീട് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ആയുധങ്ങളും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.