കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയ്ക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. കുടുംബത്തിലെ ആറു പേരുടെയല്ലാതെ മറ്റൊരു മരണത്തിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയം. കോഴിക്കോട് എൻ.ഐ.ടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവായ മണലേതിൽ വീട്ടിൽ രാമകൃഷ്ണന്റെ മരണത്തിലാണ് ജോളിക്ക് പങ്കുണ്ടെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
രാമകൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ജോളിക്കും ബ്യൂട്ടിപാർലർ നടത്തുന്ന സുലേഖ എന്ന സ്ത്രീക്കും രാമകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്ന് കുടുംബം മൊഴി നൽകി. അച്ഛൻ 55 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കാണിച്ച് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമകൃഷ്ണന്റെ മരണത്തെപ്പറ്റിയും അന്വേഷിക്കുന്നത്.
2008ലാണ് സ്വത്ത് വിറ്റത്. ഈ പണമാണ് നഷ്ടമായതെന്ന് രോഹിത്ത് പറഞ്ഞു. അതേസമയം പണം തട്ടിയ കേസിൽ മാത്രമാണ് പരാതിയെന്നും മരണത്തിൽ സംശയമില്ലെന്നും കുടുംബം മൊഴി നൽകി. 2016 മേയ് 16നാണ് രാമകൃഷണൻ മരിച്ചത്. അന്ന് രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹസ്വസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഷാജുവിനെതിരെ തെളിവുകൾ ശക്തമാണ്. ഭാര്യ സിലിയേയും രണ്ട് വയസുകാരിയായ മകളെയും കൊലപ്പെടുത്തിയ വിവരം താൻ ഷാജുവിനോട് പറഞ്ഞിരുന്നെന്നും, ദു:ഖമില്ല,അവൾ മരിക്കേണ്ടവളാണെന്നുമായിരുന്നു ഷാജുവിന്റെ മറുപടിയെന്നു ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.
കൂടാതെ ജോളിയുമായുള്ള വിവാഹത്തിന് സിലിയുടെ സഹോദരൻ സിജോ നിർബന്ധിച്ചിരുന്നെന്ന് ഷാജു പറഞ്ഞിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് സിജോ രംഗത്തെത്തിയിരിക്കുകയാണ്. താൻ വിവാഹത്തെ എതിർത്തിരുന്നെന്നും, അതിനാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നും സിലിയുടെ സഹോദരൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അതേസമയം, സിലിയുടെ മരണത്തിൽ ജോളിയെ സംശയിക്കുന്നതായി ഷാജുവിന്റെ പിതാവ് സക്കറിയ പറഞ്ഞു.