കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്. ഷാജുവിനെതിരെ ജോളി നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഇതോടൊപ്പം കേസിന്റെ അന്വേഷണം റിട്ട. എസ്.ഐയിലേക്കും നീങ്ങുന്നു. ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനായ കോടഞ്ചേരി എസ്.ഐ രാമനുണ്ണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. റോയിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയായിരുന്നു. റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ സയനൈഡിന്റെ അംശത്തെ കുറിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നില്ല.
അതേസമയം, അറസ്റ്റിലായ മുഖ്യപ്രതി ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് തിരിഞ്ഞു. കൊലപാതകങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ജോളിയെ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 11 പേർ നിരീക്ഷണത്തിലാണ്. ജോളിയുമായി ബന്ധമുള്ള ബി.എസ്.എൻ.എൽ ജീവനക്കാരനെയും രണ്ട് പൊതുപ്രവർത്തകരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇതിൽ ഒരാളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ ഒസ്യത്ത് നിർമ്മിക്കാൻ ജോളിയെ സഹായിച്ചവരും കൂട്ടത്തിലുണ്ട്.
നിരീക്ഷണത്തിലുള്ള 11 പേർക്കും കൊലപാതകങ്ങളിൽ പ്രകടമായ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇവരിൽ കൊല ആസൂത്രണം ചെയ്യാൻ സഹായിച്ചവരിലേക്ക് തിരിഞ്ഞുകഴിഞ്ഞതായാണ് സൂചന. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവാണ് മറ്റൊരു പ്രധാന കണ്ണി. ഇയാൾക്ക് അഞ്ച് തവണ സയനൈഡ് നൽകിയിട്ടുണ്ടെന്ന് അറസ്റ്റിലായ സ്വർണത്തൊഴിലാളി പ്രജുകുമാർ മൊഴി നൽകിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയത്. ജോളി ഇത് ഉപയോഗിക്കുന്നത് കൊലപാതകത്തിനാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് വിവരം.