koodathayi-

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ ഇപ്പോൾ വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്യാൻ കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരിക്കും കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഷാജുവിനെതിരെ നേരത്തെ ഭാര്യ ജോളി അന്വേഷണ സംഘത്തോട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കൊന്നത് താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാൽ തനിക്ക് ദു:ഖമില്ലെന്നും, അവൾ മരിക്കേണ്ടവൾ തന്നെയായിരുന്നെന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. ഇത് മറ്റാരും അറിയരുതെന്ന് ഷാജു പ്രത്യേകം പറഞ്ഞെന്നും ജോളി പറഞ്ഞിരുന്നു.

അതേസമയം, കേസിന്റെ അന്വേഷണം റിട്ട. എസ്.ഐയിലേക്കും നീങ്ങുന്നു. ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനായ കോടഞ്ചേരി എസ്.ഐ രാമനുണ്ണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. റോയിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയായിരുന്നു. റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ സയനൈഡിന്റെ അംശത്തെ കുറിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നില്ല.