couple

ജയ്പൂർ: റാം റാം വിളിക്കാത്തതിന് ദമ്പതികളെ രണ്ടുപേർ ആക്രമിച്ചു. അൽവാറിലെ ബസ് സ്റ്റാന്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ നിന്ന് തങ്ങൾ താമസിക്കുന്ന ഹരിയാനയിലെ നൂഹിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികളും കുട്ടിയും.

അൽവാർ ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ മൂന്ന് പേരും ലഘു ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയത്താണ് വാൻഷ് ഭരദ്വാജ്, സുരേന്ദ്ര ഭാട്ടിയ എന്നീ യുവാക്കൾ ഇവർക്കരികിലേക്ക് വന്നത്. തുടർന്ന് യുവാക്കൾ റാം റാം വിളിക്കാൻ ദമ്പതികളിലെ ഭർത്താവിനോട് ആവശ്യപ്പെട്ടു. അതിന് അദ്ദേഹം തയ്യാറാകാതിരുന്നതോടെയാണ് മർദ്ദിച്ചത്. തടയാൻ ശ്രമിച്ച ഭാര്യയെ മർദിക്കുകയും വസ്ത്രം അഴിച്ച് അശ്ലീലം കാണിക്കുകയും ചെയ്തു. ഇതോടെ യുവതി നിലവിളിച്ചു.

യുവതിയുടെ കരച്ചിൽ കേട്ട് ബസ് സ്റ്റാന്റിലും പരസരത്തുമുള്ളയാളുകൾ വരികയും യുവാക്കളെ പൊതിരെ തല്ലുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. മുസ്ലിംങ്ങൾ ഇന്ത്യയില്‍ താമസിക്കും, പക്ഷേ റാം റാം വിളിക്കില്ല എന്നാണ് ഒരു യുവാവ് തങ്ങളോട് ആദ്യം പറഞ്ഞതെന്ന് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.