കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ ഭർത്താവ് ഷാജുവിന്റെ മൊഴി. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. എന്നാൽ ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അദ്ധ്യാപകനെന്ന് നിലയ്ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഷാജുവിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഷാജുവിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.
കൊലപാതകങ്ങളെക്കുറിച്ചു യാതൊന്നും അറിയില്ലെന്നായിരുന്നു ഇന്നലെ ഷാജു പറഞ്ഞിരുന്നത്. താൻ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണു താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു.