ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് യാത്ര ചെയ്യാൻ സൗദി നൽകിയ സ്വകാര്യ വിമാനം തിരിച്ചുവാങ്ങിയതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ മാഗസിനായ ഫ്രൈഡേ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ വച്ച് ഇമ്രാൻ ഖാൻ നടത്തിയ നീക്കങ്ങളാണ് സൗദിയെ ചൊടിപ്പിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ 74ാം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ എത്തുന്നതിന് മുമ്പ് ഇമ്രാൻ സൗദി സൗന്ദർശിച്ചിരുന്നു. ന്യൂയോർക്കിലേക്ക് പോകാൻ വാണിജ്യ വിമാനം തിരഞ്ഞെടുത്ത ഇമ്രാനോട് തന്റെ സ്വന്തം വിമാനം ഉപയോഗിക്കാൻ മുഹമ്മദ് ബിൻ സൽമാൻ പറയുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ പാകിസ്ഥാനെ കരകയറ്റുന്നതിനായി സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീർഘയാത്രകളിൽ ഔദ്യോഗിക വിമാനം ഒഴിവാക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചത്. ഇതിനു മുൻപും അമേരിക്കയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുവാനെത്തിയപ്പോൾ യാത്രാവിമാനത്തെയാണ് ഇമ്രാൻ ഖാൻ ആശ്രയിച്ചത്.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന് ശേഷം ഇമ്രാൻ ഖാൻ സെപ്റ്റംബർ 28നായിരുന്നു പാകിസ്ഥാനിലേക്ക് മടങ്ങിയത്. അന്ന് സൗദിയുടെ വിമാനം ഉപയോഗിക്കുന്നതിന് പകരം വാണിജ്യ വിമാനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൗദി നൽകിയ വിമാനത്തിന് സാങ്കേതികതകരാരാണെന്നാണ് ഇമ്രാൻ ഖാന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ സൗദി നൽകിയ വിമാനത്തിന് സാങ്കേതിക തകരാർ ഇല്ലെന്നാണ് ഫ്രൈഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ വച്ച് ഇമ്രാൻ ഖാൻ നടത്തിയ നയതന്ത്ര ഇടപെടലാണ് സൗദിയെ ചൊടിപ്പിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
തുർക്കി പ്രസിഡന്റ് എർദോഗാനുമായി ഇമ്രാൻ ഖാൻ ചർച്ച നടത്തിയിരുന്നു. മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദുമായും അദ്ദേഹം ചർച്ച നടത്തി. മൂവരും ചേർന്ന് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രതിനിഥിയാകാൻ തീരുമാനിച്ചു. കൂടാതെ മറ്റുചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഇതിന് സൗദി അറേബ്യയുടെ അനുമതി വാങ്ങിയിരുന്നില്ല. ഇതോടൊപ്പം
എർദോഗാനും മഹാതീറും ഇമ്രാൻ ഖാനും ചേർന്ന് ബി.ബി.സി മാതൃകയിൽ ഇംഗ്ലീഷ് ടെലിവിഷൻ ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നു. മുസ്ലിം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുക, ഇസ്ലാമോഫോബിയക്കെതിരെ പോരാടുക തുടങ്ങിയ ലക്ഷ്യത്തിലാണ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇക്കാര്യം സൗദിയുമായി ചർച്ച ചെയ്തിരുന്നില്ല. ഇക്കാരണങ്ങൾക്കൊണ്ടാണ് സൗദി കിരീടാവകാശിയും പാകിസ്ഥാനും തമ്മിൽ അതൃപ്തിയുണ്ടായതെന്നാണ് മാഗസീൻ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഈ റിപ്പോർട്ട് തള്ളി പാകിസ്ഥാൻ രംഗത്തെത്തി. കെട്ടിച്ചമച്ച വാർത്തയാണിതെന്നും പാകിസ്ഥാന്റെയും സൗദിയുടെയും നേതാക്കൾ തമ്മിൽ നല്ല ബന്ധമാണ്. തുർക്കി, മലേഷ്യ നേതാക്കളുമായി നടത്തിയ ചർച്ചയും വിജയകരമായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാർത്ത നൽകിയിരിക്കുന്നത്. എല്ലാം തള്ളുന്നുവെന്നും പാകിസ്ഥാൻ സർക്കാർ വക്താവ് പ്രതികരിച്ചു.