divorce

നമ്മുടെ സമൂഹത്തിൽ അടുത്തിടെയായി വിവാഹ മോചനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. പല കാരണങ്ങൾ കൊണ്ട് ഭാര്യയും ഭർത്താവും രണ്ട് വഴിക്കാവുന്നു. ഇത്തരത്തിൽ വിവാഹ മോചിതരാകുന്നവർക്ക് മക്കളുണ്ടെങ്കിൽ, അവരുടെ കാര്യം കഷ്ടമാണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒന്നിച്ച് അനുഭവിക്കാൻ യോഗമില്ലാത്തവർ.

വിവാഹ മോചനത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് കല മോഹൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വിവാഹം എന്നത് പരിപാവനം തന്നെയാണ്,​ ഒത്തുപോകാമെങ്കിൽ അത് കൈവിടരുതെന്നും കുറിപ്പിലൂടെ പറയുന്നു. നൂറ്റൊന്നു വട്ടം മനസ്സിലിട്ടു നന്നായി കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കിയിട്ട് ഉത്തരം ഒന്നാണെങ്കിൽ നല്ല സൗഹൃദം നിലനിർത്തി പിരിയാൻ മാത്രമേ ശ്രമിക്കാവുവെന്നും കല മോഹൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിവാഹമോചനം എന്നത് ഞാൻ എന്ന സ്ത്രീയുടെ അനുഭവത്തിൽ.
==========================

ഞാൻ വിവാഹമോചിത ആണ്.. എന്റെ ജോലി കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആണ്..
മറ്റേത് ഉദ്യോഗം ആണെങ്കിലും എന്റെ വ്യക്തി ജീവിതം പറയേണ്ടി വരില്ല..

ചേച്ചി, എനിക്ക് മടുത്തു, വിവാഹബന്ധം ഒഴിയാൻ എനിക്ക് ഇത്തിരി ധൈര്യം തരൂ..
ചേച്ചിയുംഅതൊക്കെ നേരിട്ടതല്ലേ... സമൂഹത്തിനെ ഭയമാണ് എന്നൊരു message കിട്ടി..
ഒരു കാര്യം പറഞ്ഞോട്ടെ..,,

.വിവാഹമോചനത്തിൽ ഒരു സ്ത്രീയ്ക്ക് സമാധാനവും സമാധാനക്കേടും ഒറ്റ ഒരാൾ മൂലമാണ് ഉണ്ടാകുന്നത്..
അവൾ തന്നെ.. കാരണം !!!!
എങ്കിലും,
ഒരു ശതമാനം എങ്കിലും പിടിച്ചു നിൽക്കാൻ പറ്റുമെങ്കിൽ,
വിവാഹജീവിതം മുന്നോട്ടു കൊണ്ട് പോകുക തന്നെ ചെയ്യണം...

പലതരം പ്രശ്നം ഉണ്ടാകാം ഓരോ വിവാഹമോചനത്തിലും..
വിവാഹേതര ബന്ധം പ്രധാനമായ കാരണമാണ്..
തിരിച്ചു പിടിക്കാൻ പറ്റുമെങ്കിൽ, ക്ഷമിക്കണം എന്നേ ഞാൻ പറയു..
ജീവനും ജീവിതവും സുരക്ഷിതം ആണേൽ.. !

മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്ത ആരുമില്ല ഈ ലോകത്ത്..
ശരീരം എന്നത് മനസ്സിനോളം വരില്ലല്ലോ..
എത്ര ക്ഷമിച്ചാലും,
സ്ഥാനമില്ല എന്ന് ഉറപ്പുണ്ടേൽ മാത്രം അടുത്ത വഴി ആലിചിക്കുക..

കോടതിയിൽ കേസ് കൊടുത്തു, പരസ്പരം ചെളി വാരി എറിയുന്നത്,കുഞ്ഞുങ്ങൾ ഉണ്ടേൽ അവരെ ബാധിക്കും..
എന്റെ അഭിപ്രായങ്ങൾ, ഉപദേശം ആയി എടുക്കരുത്..

ഓരോരോ സാഹചര്യം അനുസരിച്ചു തീരുമാനം എടുത്തു പോകുക..
വ്യക്തി എന്ന നിലയിൽ കോടതി മുറികളുടെ ഭീകരത എന്നിൽ അസഹിഷ്ണുത ഉണ്ടാക്കുമെന്ന ഉറപ്പാണ് എന്നെ അതിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത്..

കൊട്ടും കുരവയുമായി, ക്ഷണിക്കപ്പെട്ട അതിഥികളുടെ നടുവിൽ, കാരണവരുടെ അനുഗ്രഹത്തോടെ,
നടക്കുന്ന വിവാഹജീവിതത്തിലെ ചെറിയ താലിക്കു വലിയ വില തന്നെയാണ്..
പത്തോന്പത് വർഷവും താലിയും സീമന്ത രേഖയിലെ ചുവപ്പ് കുങ്കുമവും ഞാൻ അണിഞ്ഞിരുന്നു..
കുപ്പി വളയും മിഞ്ചിയും അണിയാത്ത കാലങ്ങൾ വിരളം..
ഒക്കെയും ദീർഘ സുമംഗലി ഭാഗ്യത്തിന് വേണ്ടി..

എന്റെ ജീവിതത്തിൽ ‌ അതൊരു ഐശ്വര്യമല്ല എന്ന് തോന്നി തുടങ്ങിയ ശേഷവും ഞാൻ തുടർന്നു..
അത് ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടി വന്ന സാഹചര്യം എന്റെ ഭാഗ്യമല്ല..
എന്നാൽ, ഞാൻ അതിനെ അതിജീവിച്ചു എന്നത് എന്റെ ചങ്കുറ്റം ആണ്..

ഡിവോഴ്സ് കഴിഞ്ഞതിൽ പിന്നെ
ജീവിതം പഠിപ്പിച്ച ഒരുപാട് പാഠങ്ങളുണ്ട്..
അതിൽ ഞാൻ ഏറെ ചേർത്ത് വെയ്ക്കുന്ന ഒന്ന് ഇതാണ്..
എന്നെ ഒരാൾ എങ്ങനെ വേണേലും സ്നേഹിച്ചോട്ടെ.. സ്നേഹിക്കാതിരിക്കട്ടെ..
അതയാളുടെ തീരുമാനം !
അവിടം സ്വീകരിക്കണോ നിഷേധിച്ചു ഇറങ്ങണോ എന്നത് എന്റെ ഇഷ്ടം.. !

വഴക്കുകൾ പോൽ അസ്വസ്ഥത പെടുത്തുന്ന ഒന്നില്ല..
പിടിച്ചു വാങ്ങാൻ പറ്റാത്ത ചിലത്
വിട്ടെറിഞ്ഞു കൊടുത്തിട്ടു ഇറങ്ങി വരുമ്പോഴുള്ള ആശ്വാസം..

ആരുമില്ലാതെ എല്ലാരും ജീവിക്കും എന്ന തിരിച്ചറിവിൽ,
ജീവിതം മറ്റുള്ളവരുടെ മാർക്കുകൾ വാങ്ങി കൂട്ടേണ്ടതല്ല എന്നും പഠിച്ചു..

ആരുടെ ഉപദേശം ആണെങ്കിലും എന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്നില്ല എങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള ചങ്കുറപ്പ് നേടി..

24 മണിക്കൂര് എനിക്ക് സ്വർഗ്ഗം പോലെയായി..
കൊതിയാവുന്നു ഇനിയും ഒരുപാട് മുന്നോട്ട് നടക്കാൻ..
ഒറ്റ എന്ന ശക്തിയിൽ ഞാൻ അങ്ങ് അടിമപ്പെട്ടു..
കാക്കയ്കും പൂച്ചയ്ക്കും തണലേകുന്ന ആല്മരത്തിനു,
സൂര്യന്റെ ഉഗ്രകിരണങ്ങളോട് പ്രേമം എന്ന ഒരു ലഹരി ആണിപ്പോൾ..

കർമ്മമാണ്‌ എന്റെ ഈശ്വരൻ..
ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ പ്രശ്നം എന്റെ മുന്നില് അനാവരണം ചെയ്യുകയും അതിനു പരിഹാരം നിർദേശങ്ങൾ ആയി നിരത്തി കാട്ടാൻ പറ്റുന്നു എന്നതും പടച്ചോന്റെ കൃപ.. !

വിവാഹം എന്നത് പരിപാവനം തന്നെയാണ്..
ഒത്തുപോകാമെങ്കിൽ അത് കൈവിടരുത്..
നിസ്സാര പ്രശ്നം വലുതാക്കരുത്...
അത് പോലെ,
ജീവനും ജീവിതവും ഒരേപോലെ വിലപ്പെട്ടത് ആണെന്ന് ഓർക്കുകയും വേണം...
അത് അപകടത്തിൽ ആണെന്ന് തോന്നിയാൽ ഇറങ്ങിക്കോ, ഒരു നിമിഷം വൈകാതെ..

പക്ഷെ, പിന്നെ തിരിഞ്ഞു നോക്കി സങ്കടപെടരുത്..
കുറ്റബോധം ഉണ്ടാകരുത്..
Negative ആയ ആളുകളെ ഒഴിവാക്കാൻ പറ്റിയാൽ ജയിച്ചു..അതൊക്കെ ഒരു വെല്ലുവിളി ആണ്..

ഒരു അഡ്ജസ്റ്മെന്റ് ജീവിതം ഇന്ന് സമൂഹത്തിൽ ഒരുപാട് കാണുന്നുണ്ട്..
വീണ്ടും പറയുന്നു,
നൂറ്റൊന്നു വട്ടം മനസ്സിലിട്ടു നന്നായി കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്ക്..
ഉത്തരം ഒന്നാണെങ്കിൽ,
നല്ല സൗഹൃദം നിലനിർത്തി പിരിയാൻ മാത്രമേ ശ്രമിക്കാവു..
അതല്ലേ അന്തസ്സ്.. !

മക്കൾ ഉണ്ടേലും അതാണ് ഉചിതമായ രീതി..
രണ്ടുപേരെയും അവർക്ക് കിട്ടിക്കോട്ടെ..
തികച്ചും യുക്തിപരമായ ചിന്തകൾ മാത്രം മതി എന്നല്ല..
അത് കൂടി കണക്കിൽ എടുക്കണം..
പ്രളയം പഠിപ്പിച്ച കുറച്ചു പാഠങ്ങൾ ഓർത്താൽ മതി..
അഹിംസ ഹൃദയത്തിൽ പറ്റണം എന്നില്ല..
ശത്രുക്കൾ ഓർമ്മയുണ്ടോ എന്ന് ഇടയ്ക്ക് ചിന്തയിൽ വന്നു ചോദിക്കും.. അന്നേരം കലി തോന്നുക സ്വാഭാവികം..

എന്റെ വിവാഹജീവിതത്തിൽ എന്നും എക്കാലവും നെഗറ്റീവ് അനുഭവങ്ങൾ തന്ന ഒരു പുരുഷൻ ഉണ്ട്..
മകളുടെ അച്ഛന്റെ അടുത്ത ബന്ധു.
വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ,
അത് അവസാനിക്കും വരെ അയാൾ നിഴലായി ഉണ്ടായിരുന്നു..
അയാൾ,
ചിന്തികളിലെ സ്വകാര്യമായ അനിഷ്‌ടവും വെറുപ്പും തന്നെയാണ് ആജീവനാന്തം !
പക്ഷെ,
എന്റെ കുഞ്ഞിനെ അത് ഏൽപ്പിക്കാതെ ഞാൻ ശ്രമിക്കാറുണ്ട്..
അവൾക്കു ഒഴിവാക്കാന് പറ്റുന്ന ബന്ധവുമല്ല

ആദ്യം ഞാൻ പതറി...
പക്ഷെ,
അത് ഒക്കെ എന്നിലെ, എനിക്ക് ഒരു വെല്ലുവിളി ആയിരുന്നു..
അച്ഛന്റെ സ്നേഹവും കരുതലും പോലെ
അവൾക്കു അവിടെ ഉള്ള ബന്ധങ്ങളും അനിവാര്യമാണ്...
അയാളെ പോലെ ചിലർ...
ബാലിശമായ എന്റെ ആ ഭാഗങ്ങളെ ഞാൻ കാറ്റിൽ പറത്തി..
അവരെ കുറിച്ച് ഓർക്കാൻ ശ്രമിക്കാറില്ല.. ഇനി ഓര്ത്താലും
വെറുക്കാനും നോക്കാറില്ല. .
മകളോട് സ്വാർത്ഥത ഉണ്ടേൽ അത് അതോടെ മാറി..
അവളുടെ ജീവിതം ഞാൻ വരച്ചു വെയ്ക്കും പോലെ ആകരുത്...
നാളെ അവളെന്നെ ചോദ്യം ചെയ്യരുത്..
അത്രയും എത്തിയപ്പോൾ
.പിടിച്ചു നിൽക്കാൻ
ആത്മീയത തേടി പോകേണ്ട എന്ന് ഞാൻ അറിഞ്ഞു..

വിവാഹമോചനം കഴിഞ്ഞു വിഷാദരോഗത്തിനുള്ളു കുപ്പായം എടുത്തു ചാർത്താൻ ആണെങ്കിൽ, അവരോടു എനിക്ക്
പുച്‌ഛം മാത്രം..

ജോലി ഇല്ലാ എങ്കിൽ
നേടുക.
സ്വന്തം കാലിൽ നിൽക്കുക..
അത്യാവശ്യം വരുമാനം, സ്വകാര്യമായ കരുതൽ..
നാളെ ആരെയും ബുദ്ധിമുട്ടിക്കരുത് എന്നൊരു സ്വയം ബലം കൊടുക്കലിന് വേണ്ടി
കിടക്കാൻ ഒരു കൂര..
സ്വന്തമായി യാത്രകൾ നടത്തുക..
സ്വപ്‌നങ്ങൾ മരിക്കാൻ അനുവദിക്കരുത്
ഇത്രത്തോളം ഞാനും നേടി..
എനിക്ക് തൃപ്തി ഉണ്ട്..
ജീവിതം കൊണ്ട് ജയിച്ച സ്ത്രീ ആണല്ലോ ഞാനിപ്പോൾ

സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ഇനിയും പറ്റും..
ഈ ഭൂമി നമ്മുടെ കൂടി ആണ്..
ചിരിച്ചു കൊണ്ട് ഉണരുക.
.ക്രമേണ അതൊരു ശീലമാകും..
സന്തോഷം, സമാധാനം...