joli

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ കുറ്റം സമ്മതം നടത്തി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊല്ലാൻ സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡന്റൽ ക്ലിനിക്കിൽ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ഷാജു പറഞ്ഞു. നേരത്തെ കൊലപാതകങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ ഷാജു ഇപ്പോൾ എല്ലാം ഏറ്റ് പറഞ്ഞ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇതോടെ നിർണായക വഴിത്തിരിവിലേക്കാണ് കേസിന്റെ ഗതി.

ജോളിയും താനും തമ്മിൽ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടിൽ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകൾ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാൻ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാൽ അവനെ മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച് അച്ഛൻ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുൻകൈയെടുത്തത്- ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. എന്നാൽ ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് നേരത്തെ മൊഴി നൽകിയത്. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അദ്ധ്യാപകനെന്ന് നിലയ്ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വടകര റൂറൽ എസ്.പി ഓഫീസിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതം നടത്തിയത്. അതേസമയം, ഷാജുവിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

കൊലപാതകങ്ങളെക്കുറിച്ചു യാതൊന്നും അറിയില്ലെന്നായിരുന്നു ഇന്നലെ ഷാജു പറഞ്ഞിരുന്നത്. താൻ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണു താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു.