koodatahyi-

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ ഭർത്താവ് ഷാജുവിനെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി കെ.ജി സൈമൺ പറഞ്ഞു. ഷാജുവിന്റെ മൊഴി വിലയിരുത്തിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. കേസുമായി ബന്ധപ്പെട്ട രാസപരിശോധനകൾ വിദേശത്ത് നടത്താൻ ഡി.ജി.പി അനുമതി നൽകിയിട്ടുണ്ടെന്നും എസ്.പി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഷാജുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ട്. നിലവിൽ അറസ്റ്റിലായ ജോളിയുടെ മൊഴി പൂർണമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജു എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് എസ്.പി വ്യക്തമാക്കി.

അതേസമയം,​ കൂടത്തായി കൊലപാതകങ്ങളിൽ കുറ്റം സമ്മതം നടത്തി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊല്ലാൻ സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡന്റൽ ക്ലിനിക്കിൽ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ഷാജു പറഞ്ഞു. നേരത്തെ കൊലപാതകങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ ഷാജു ഇപ്പോൾ എല്ലാം ഏറ്റ് പറഞ്ഞ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇതോടെ നിർണായക വഴിത്തിരിവിലേക്കാണ് കേസിന്റെ ഗതി.

ജോളിയും താനും തമ്മിൽ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടിൽ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകൾ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാൻ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാൽ അവനെ മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച് അച്ഛൻ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുൻകൈയെടുത്തത്- ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. എന്നാൽ ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് നേരത്തെ മൊഴി നൽകിയത്. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അദ്ധ്യാപകനെന്ന് നിലയ്ക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.