koodathayi-murder

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിലെ മുഖ്യ പ്രതിയായ ജോളി അറസ്റ്റിലാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിളിച്ചത് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെയെന്ന് റിപ്പോർട്ട്. തന്റെ അടുത്തസുഹൃത്താണ് ജോളിയെന്നും, ജോളിയുടെ സ്വർണം പലതവണ പണയം വയ്ക്കാൻ വാങ്ങിയിട്ടുണ്ടെന്നും ജോൺസൺ വ്യക്തമാക്കി. എന്നാൽ, ജോളിയുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടത്തായി സ്വദേശിയായ ജോൺസൺ ഇപ്പോൾ തിരുപ്പൂരിൽ ജോലി ചെയ്യുകയാണ്. ജോളിയുമായി സൗഹൃദം പുലർത്തുന്ന സി.പി.എം, കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും, വനിതാ തഹസിൽദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരിൽ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണ് വിവരം. നേരത്തെ തന്നെ ഇവരിൽ നിന്നും മൊഴി എടുത്തിരുന്നു.

അതേസമയം, കല്ലറയിൽ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന നടത്തും. മൈറ്റോ കോൺഡ്രിയൽ ഡി.എൻ.എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡി.എൻ.എ സാംപിൾ എടുക്കും. വിദഗ്ധപരിശോധന അമേരിക്കയിൽ നടത്താനും തീരുമാനമായി.