കോഴിക്കോട്: കൂടത്തായി കോലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ ഷാജുവിന്റെ സുഹൃത്ത് ബിജു. വഴിവിട്ട ജീവിതമാണ് ജോളി നയിച്ചിരുന്നതെന്നും, ഇക്കാര്യം താനും ഷാജുവും പലതവണ സംസാരിച്ചിട്ടുണ്ടെന്നും ബിജു പറഞ്ഞു.എൻ.ഐ.ടിയിലെ ജോളിയുടെ ജോലിയെക്കുറിച്ച് ഷാജുവിൽ അവ്യക്തത ഉണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു.
അതേസമയം, ഭാര്യ സിലിയുടെയും രണ്ടുവയസുകാരിയായ മകളുടെയും മരണത്തിൽ ഷാജുവിന് വലിയ ദുഖമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ സംശയം തോന്നുന്നുവെന്നും ബിജു കൂട്ടിച്ചേർത്തു.
കോഴിക്കോട് എൻ.ഐ.ടിയിൽ ലക്ചററാണെന്നായിരുന്നു ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. എൻ.ഐ.ടിയിലെ വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കിയ ജോളി അതുമിട്ട് ദിവസവും കാറിൽ കയറി കോളേജിൽ പോകും. വൈകിട്ട് തിരികെ വരും. 14 വർഷം ഇങ്ങനെ എല്ലാവരെയും പറ്റിച്ചു. ഒരു ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ജോളിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ഞെട്ടലോടെയാണ് നാട്ടുകാരും ബന്ധുക്കളും കേട്ടത്.
2014ലാണ് ഷാജുവിന്റെ മകൾ മരിക്കുന്നത്. മേയ് മൂന്നാം തീയതി കുട്ടിയുടെ സഹോദരന്റെ ആദ്യ കുർബാനയായിരുന്നു. അന്ന് രാവിലെ ബ്രഡും ഇറച്ചിക്കറിയും കഴിച്ചതിന് പിന്നാലെ ബോധരഹിതയായ രണ്ടുവയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം മരണം സംഭവിച്ചു.
2016 ജനുവരിയിലാണ് സിലിയുടെ മരണം. ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരികെ താമരശ്ശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് മൂന്ന് പേരും കൂടി ദന്ത ഡോക്ടറെ കാണിക്കാൻ പോയി. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു.