മാൻഹോളിന് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌റ്റാന്റ് അപ്പിലെ ഗാനം ശ്രദ്ധേയമാകുന്നു. തരംഗമായ 'ബിരിയാണി'പ്പാട്ടിന് പിന്നാലെ സയനോരയാണ് ഒരേ തൂവൽപക്ഷികൾ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. അനുജത്തി ശ്രുതി ഫിലിപ്പും സയനോരൊക്കാെപ്പം പാടിയിട്ടുണ്ട്. ടൊവിനൊ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരമാണ് ലഭിക്കുന്നത്.
ബിലു പദ്‌മിനിയുടെ വരികൾക്ക് വർക്കിയാണ് സംഗീതം പകർന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഐ.എഫ്.എഫ്.കെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'സ്ളീപ്പ് ലെസ്ളി' എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് വർക്കിയായിരുന്നു. 'പ്രണയത്തിലൊരു ആത്മകഥ' എന്ന കവിതാ സമാഹാരവുമായി മലയാള സാഹിത്യ ലോകത്ത് തന്റേതായൊരു ഇടം സ്വന്തമാക്കിയ ബിലുവിന്റെ, ആദ്യ സിനിമാഗാനരചന കൂടിയാണിത്.
നിമിഷ സജയൻ, രജിഷ വിജയൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി.ഉണ്ണികൃഷ്‌ണനും ആന്റോ ജോസഫും ചേർന്നാണ്. നവംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.