ബംഗളൂരു: കൂടത്തായി കൊലപാതകപരമ്പര ഓരോന്നായി ചുരുളഴിയുന്നതിന് പിന്നാലെ മോഹൻകുമാർ എന്നയാൾ നിരപരാധികളായ 32ഓളം യുവതികളെ കൊലപ്പെടുത്തിയ സംഭവവും വാർത്തകളിൽ നിറയുകയാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് ഗർഭ നിരോധന ഗുളികകളിൽ സയനൈഡ് നൽകിയാണ് മോഹൻ കൊല നടത്തിയത്. കൊലയ്ക്ക് ശേഷം യുവതികളുടെ സ്വർണങ്ങളും പണവുമായാണ് മോഹൻ കടന്നുകളയുന്നത്. വർഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് മോഹനെ അന്വേഷണ സംഘത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞത്.
2003നും 2009നും ഇടയിലാണ് സംഭവങ്ങളെല്ലാം നടന്നത്. നഗരത്തിലെ ഹോട്ടലിലെയും ബസ് സ്റ്രാന്റിലെയും ശുചിമുറികളിൽ നിന്നാണ് മൃതദേഹങ്ങൾ എല്ലാം കണ്ടെത്തിയത്. മൃതദേഹങ്ങളിലെ സ്വർണങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു. കൂടാതെ എല്ലാ മരണങ്ങളുടെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒരേ സയനൈഡ് അകത്തുചെന്നാണ് മരണം സംഭവിച്ചതെന്നും പറയുന്നുണ്ട്.. സംഭവത്തിൽ 19ആമത്തെ യുവതി കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ഗൗരവമായി കാണാൻ പൊലീസ് തീരുമാനിച്ചത്. അനിത ബാരിമാർ എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. അനിതയുടെ മരണം ഒരു വർഗീയ കലാപത്തിന്റെ വക്കിലെത്തിയിരുന്നു. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലീം യുവാവുമായാണ് എന്നാരോപിച്ച് സംഭവം ലഹളയുടെ വക്കിലെത്തി. പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഭീഷണി ഉയർന്നു. ഇതേ തുടർന്ന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ പ്രക്ഷോഭക്കാരെ തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമായത്.
തുടർന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ലഭ്യമായ സകല കോൾ റെക്കോർഡുകളും ഒന്നിച്ചു ചേർത്ത് ശാസ്ത്രീയമായ വിശകലനങ്ങൾ നടത്താൻ പൊലീസ് തീരുമാനിച്ചത്. അതിൽ നിന്നാണ് നിർണായകമായ ഒരു വിവരം പൊലീസിന് ലഭിക്കുന്നത്. ലഭിച്ച നമ്പറുകളെല്ലാം എന്നെങ്കിലും ഒരിക്കൽ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തിൽവച്ച് ആക്ടീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും പരിശോധിച്ചു. പൊലീസിന്റെ ഈ നീക്കം എത്തിച്ചേർന്നത് ധനുഷ് എന്ന ചെറുപ്പക്കാരനിലാണ്. പൊലീസ് ഒന്നു വിരട്ടി ചോദ്യം ചെയ്തതോടെ ഫോണും സിമ്മും നൽകിയത് അമ്മാവനാണെന്ന് ധനുഷ് പറഞ്ഞു. തുടർന്ന് മോഹൻ കുമാറിനെ മറ്റൊരു കേസിന്റെ വിവരങ്ങൾ ചോദിക്കാനെന്ന വ്യാജേന സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമ്പത്തികമായി താഴെ നിൽക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന പെൺകുട്ടികളായിരുന്നു മോഹൻ ഇരകളായി തിരഞ്ഞെടുത്തത്. സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടലുകളിൽ എത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. തുടർന്ന് സയനൈഡ് പുരട്ടിവച്ച ഗർഭനിരോധന ഗുളിക നിർബന്ധിച്ച് നൽകും. ശുചിമുറിയിൽ എത്തിയാണ് യുവതികൾ ഗുളികകൾ കഴിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതോടെ ശുചിമുറിയിൽ കുഴഞ്ഞുവീണ് അവർ മരണപ്പെടും. തുടർന്ന് സ്വർണവുമായി ഇയാൾ കടന്നുകളയുകയാണ് ചെയ്യുന്നത്.