jolly

കോഴിക്കോട്: കൂടത്തായിയിൽ നടന്ന മറ്റ് ചില മരണങ്ങളെക്കുറിച്ചും ക്രൈബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ സുഹൃത്തും അയൽക്കാരനുമായ ബിച്ചുണ്ണിയുടെ മരണത്തെക്കുറിച്ചാണ് അന്വേഷണം നടത്തുക.

പ്ലംബറായ ബിച്ചുണ്ണി ഇടയ്ക്കിടെ റോയി തോമസിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2011ൽ റോയിയുടെ അസ്വഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞവരിൽ ഒരാൾകൂടിയാണ് ബിച്ചുണ്ണി. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭർത്താവ് പറഞ്ഞു.

2002 നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്,​ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.

2002ൽ അന്നമ്മ മരിച്ചപ്പോഴും 2008 ഭർത്താവ് ടോം തോമസ് മരിച്ചപ്പോഴും സ്വാഭാവിക മരണമായിരുന്നെന്നായിരുന്നു ധാരണ. അതിനാൽത്തന്നെ പോസ്റ്റ്മോർട്ടം പോലും ചെയ്തില്ല. തുടർന്ന് 2011ൽ റോയി തോമസ് മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും അന്നമ്മയുടെ സഹോദരൻ മാത്യുവും വേറെ കുറച്ച് പേരും വാശിപിടിച്ചത് കൊണ്ട് മാത്രം പോസ്റ്റ്മോർട്ടം നടന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ ആ കേസ് അപ്പോൾ അവസാനിച്ചു.

തുടർന്ന് 2014 ൽ അന്ന് സംശയമുന്നയിച്ച മാത്യുവിന്റെ മരണം സംഭവിച്ചു. അത്തരത്തിൽ ദുരൂഹതയുണ്ടെന്ന് പറ‌ഞ്ഞതിന്റെ പേരിലാണോ റോയിയുടെ സുഹൃത്തിന്റെ മരണം സംഭവിച്ചത് എന്ന് ഇപ്പോൾ ചിലരിൽ സംശയം ഉടലെടുത്തിരിക്കുകയാണ്.