jolly

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയി തോമസിന്റെ സഹോദരി റെഞ്ചി. തന്നെ മുമ്പ് ജോളി കൊല്ലാൻ ശ്രമിച്ചിരുന്നെന്നും, എന്നാൽ അന്ന് അത് തിരിച്ചറിഞ്ഞില്ലെന്നും റെഞ്ചി അന്വേഷണ സംഘത്തോട് പറഞ്ഞു.

ജോളി സ്നേഹത്തോടെ അരിഷ്ടം നൽകിയപ്പോൾ അത് കുടിച്ചെന്നും എന്നാൽ പെട്ടെന്ന് അവശയായെന്നും റെ‌ഞ്ചി പറയുന്നു. കണ്ണിൽ ഇരുട്ട് കയറുകയും ഓക്കാനിക്കുകയും ചെയ്തു. കാലുകൾ ചലിപ്പിക്കാൻ സാധിക്കാതായി. കണ്ണിലേക്ക് മഞ്ഞവെളിച്ചം വന്നു. ബോധം പോകുന്നത് പോലെ തോന്നി. ലിറ്റർ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലായത്. സ്വപ്രയത്നം കൊണ്ടാണ് അന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് റെഞ്ചി കൂട്ടിച്ചേർത്തു. അതേസമയം,​ അന്ന് തനിക്ക് സംശയമൊന്നും തോന്നിയില്ലെന്നും കുടുംബത്തിലെ മറ്റ് മരണങ്ങൾ പുറത്ത് വന്നതോടെയാണ് അത് കൊലപാതക ശ്രമമായിരുന്നെന്ന് മനസിലായതെന്നും റെഞ്ചി പറഞ്ഞു.

ആരെയും തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും,​മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അറിയാനാണ് ശ്രമിച്ചതെന്നും റെഞ്ചി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ജോളിയുടെ മകന്റെ പ്രതികരണം.