jolly

കോഴിക്കോട്: കൂടത്തായി കൂട്ടക്കുരുതിയിലെ വിവാദനായിക ജോളിക്ക് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി എന്താണ് ബന്ധമെന്നത് ഇനിയും പിടിതരാത്തൊരു ചോദ്യമാണ്. 2002 മുതൽ നാട്ടിൽ ജോളി അറിയപ്പെടുന്നത് എൻ.ഐ.ടിയിലെ അദ്ധ്യാപിക എന്നാണ്.

ജോളി രാവിലെ ജോലിക്കായി പോവുകയും വൈകിട്ട് മടങ്ങിവരാറുമുണ്ടായിരുന്നു. എന്നാൽ ഇവർ മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിൽ ജോലിചെയ്തിരുന്നതായി മാത്രമാണ് പറയുന്നത്. പിന്നെങ്ങനെ 17 വർഷം വീട്ടുകാരെയും നാട്ടുകാരെയും പറഞ്ഞുപറ്റിക്കാനായി എന്നതാണ് അതിശയം.

അതേസമയം മുക്കത്തെ ബ്യൂട്ടിപാർലറിൽ ജോളി വെറും കസ്റ്റമർ മാത്രമായിരുന്നുവെന്ന് അതിന്റെ ഉടമ പറയുന്നു. ബ്യൂട്ടിപാർലർ ഉടമ സുലേഖയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എൻ.ഐ.ടിയിലെ അദ്ധ്യാപികയാണെന്നും അരലക്ഷം രൂപ ശമ്പളം ഉണ്ടെന്നുമൊക്കെ തങ്ങളോടും പറഞ്ഞതിനാൽ നല്ല പരിഗണന ബ്യൂട്ടിപാർലറിൽ ഇവർക്ക് നല്കിയിരുന്നു. ജോളിയുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും അറിയില്ല. മാസത്തിലൊരിക്കലൊക്കെ വന്ന് ഫേഷ്യൽ ചെയ്യുകയാണ് അവരുടെ പതിവ്. റോയി മരിച്ചപ്പോൾ വീട്ടിൽ പോയിരുന്നു. ഹൃദയാഘാതമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നും സുലേഖ പറയുന്നു.

ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്ന കാലത്ത് ഒരിക്കൽ ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ സഹോദരൻ റോജോ എൻ.ഐ.ടിയിൽ എത്തി ജോളിക്ക് അവിടെ യാതൊരു ജോലിയുമില്ലെന്ന് മനസിലാക്കിയിരുന്നു. എന്നാൽ തുടർന്ന് റോജോയോട് ജോളി കയർത്തു. ഇവിടെ താൽക്കാലിക ജോലിയാണെന്നും ഇത് നഷ്ടപ്പെടാൻ ഇടയുണ്ടെന്നും ഇവരോട് പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും എൻ.ഐ.ടി ജോലി ജോളി തന്റെ തട്ടിപ്പുകൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ജോലിയില്ലാത്തതിന്റെ ജാള്യം മറയ്ക്കുന്നതിനൊപ്പം സമൂഹത്തിൽ ഇതിന്റെ അംഗീകാരവും നേടിയെടുത്തു. താമരശേരിയിലെ ഒരു വ്യക്തി എൻ.ഐ.ടിയിൽ എത്തി ജോളിയെ വിളിച്ചപ്പോൾ അവരവിടെയില്ലെന്ന് പറഞ്ഞെങ്കിലും പത്തുമിനിട്ടിനുള്ളിൽ ജോളി അവരെ തന്നെ വിളിച്ചിരുന്നോയെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് ഇവരുടെ എൻ.ഐ.ടി ബന്ധം വെളിവാക്കുന്നതാണ്. ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് എൻ.ഐ.ടിയിൽ ട്രെയിനിംഗ് ഉണ്ടെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് മുങ്ങിയതെന്നും പറയുന്നു. എങ്കിലും രാവിലെ ജോലിക്കായി ഇറങ്ങിയിരുന്ന ഇവർ പിന്നെ എങ്ങോട്ട് പോയിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.