nefertiti

കൊച്ചിയിൽ നിന്ന് വെറും 2,000 രൂപയ്ക്ക് അറബിക്കടലിലോട്ട് യാത്ര ചെയ്യാം. നെഫർറ്റിറ്റി എന്ന് ഈജിപ്ഷ്യൻ പേരുള്ള കപ്പലിലാണ് ഈ യാത്ര. ഈജിപ്തിലെ ഒരു രാജ്ഞിയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈജിപ്ഷ്യൻ സംസ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ് കപ്പലിനകത്തുള്ള ഒരുക്കങ്ങളും. കടൽ യാത്രകൾക്കായി ഏറ്റവും ആധുനിക ആഢംബര സൗകര്യങ്ങളോടെ ഒരുക്കിയരിക്കുന്ന കപ്പലാണ് നെഫർറ്റിറ്റി. കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

കപ്പലിനകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണുക വിശാലമായ ഹാളാണ്. അടുക്കും ചിട്ടയോടുകൂടിയും ഓരോ സജ്ജീകരണങ്ങടുകൂടിയാണ് ഒരുക്കം. ഈ ഹാളുകൾ ബുക്ക് ചെയ്യാനും പറ്റും. കപ്പലിന്റെ രണ്ടാമത്തെ നിലയിലാണ് ഭക്ഷണവും ബാറടക്കമുള്ള സൗകര്യങ്ങളുമുള്ളത്. കപ്പലിന്റെ ഏറ്റവും മുകളിൽ നിന്ന് കൊച്ചി നഗരത്തിന്റെ ഒരു വശം കാണാം.

nefertiti

മൂന്നു നിലകളിലായാണ് ഈ ആഢംബര കപ്പൽ ഒരുക്കിയിരിക്കുന്നത്. 48.5 മീറ്റർ നീളം, 14.5 മീറ്റർ വീതി, ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവായാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതികരിച്ചിരിക്കുന്ന ഇതിൽ കടൽ കാഴ്ചകൾ കാണുവാൻ പ്രത്യേക സൗകര്യങ്ങളുമുണ്ട്. ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് തുടങ്ങിയവയും ഉണ്ട്. കടലിലെ സൂര്യാസ്തമയം കാണുന്നതിനായി ഡക്കിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

പേരിൽ മാത്രമല്ല, കാഴ്ചയിലും രൂപത്തിലും ഒക്കെ ഒരു ഈജിപ്ത്യൻ ടച്ച് ഈ കപ്പലിൽ കാണാം. പൗരാണിക ഈജിപ്തിലെ ഏറ്റവും ശക്തയായ റാണിമാരിലൊരാളായ നെഫർറ്റിറ്റിയുടെ പേരിൽ ഒരുക്കിയ കപ്പലിൽറെ തീമും ഈജിപ്ത് തന്നെയാണ്. ആഡംബര സൗകര്യങ്ങളോടു കൂടി കൊച്ചിയിൽ നിന്നും അറബിക്കടലിലേക്ക് അ‍ഞ്ച് മണിക്കൂർ നീളുന്ന യാത്രയാണ് നെഫർറ്റിറ്റി ഒരുക്കിയിരിക്കുന്നത്.

nefertiti

250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. കൊച്ചി കായലിനെ ചുറ്റി കടലിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. മഴവിൽ പാലത്തിൽ തുടങ്ങി , കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട് കൊച്ചി വഴി പിന്നെ അറബിക്കടലിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്രയുള്ളത്.