മലയാളസിനിമയ്‌ക്ക് എന്നും അഭിമാനിക്കാവുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരേ താരപ്രഭയിൽ നാലുപതിറ്റാണ്ടിലധികമായി ഒരു സിനിമാ ഇൻഡസ്‌ട്രിയുടെ അവിഭാജ്യഘടകമായി ഇരുവർക്കും നിലനിൽക്കാൻ കഴിയുന്നത് ചെറിയകാര്യമല്ല. അൻപതിലധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച സൂപ്പർതാരങ്ങൾ ഒരുപക്ഷേ ലോകസിനിമയിൽ തന്നെ മമ്മൂട്ടിയും മോഹൻലാലുമായിരിക്കും.
അത്തരത്തിൽ ഇരുവരും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‌ത ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരുന്നെങ്കിലും മമ്മൂട്ടിയ‌്ക്കും സുപ്രധാന വേഷം തന്നെ ആയിരുന്നു. എന്നാൽ അതിഥി വേഷത്തിൽ ആയിരുന്നിട്ടു കൂടി നമ്പർ 20യുടെ ഭാഗമായി മമ്മൂട്ടി എത്തിയതിനു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡെന്നിസ് ജോസഫ് ഇക്കാര്യം വ്യക്തമാക്കുകയാണ്.
'ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം മോഹൻലാൽ എന്റെ റൂമിൽ വന്നു. സ്ക്രിപ്‌റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിൽ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹൻലാലും കൂട്ടരും കോട്ടയത്തു നിന്ന് ട്രെയിനിൽ കയറി ക്രിക്കറ്റ് കളി കാണാൻ ചെന്നൈയിൽ വരികയാണ്. യാത്രക്കാരനായ ഒരു സെലിബ്രിറ്റി ഫിലിം ആക്‌ടർ ഈ ട്രെയിനിൽ കയറുന്നു. ഞങ്ങൾ യഥാർത്ഥത്തിൽ ജഗതി ശ്രീകുമാറിനെയാണ് ആ വേഷത്തിൽ ആലോചിച്ചത്. പിന്നീട് മോഹൻലാൽ അടക്കമുള്ളവർ ഒരു കൊലപാതകക്കേസിൽ പെടുമ്പോൾ ജഗതി രക്ഷപ്പെടുത്തുന്നതുമാണ് ഉദ്ദേശിച്ചത്.
വളരെ പ്രധാനപ്പെട്ട ഒരു ടിടിആർ റോളും അതിലുണ്ട്. മോഹൻലാൽ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് ജഗതിച്ചേട്ടനെ ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനിൽ കയറുന്ന സെലിബ്രിറ്റിയായി മമ്മൂക്കയെ ആക്കിയാലോ? ഞാൻ ഒരു സെക്കന്റ് നിശബ്‌ദനായി. പിന്നെ പറഞ്ഞു, മമ്മൂക്ക ആയാൽ നന്നായിരിക്കും. പക്ഷേ മമ്മൂക്ക അത് ചെയ്യുമോ? എന്തായാലും നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക് എന്ന് ഞാൻ ലാലിനോട് പറഞ്ഞു.
'അയ്യോ ഞാനില്ല, അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെ കൊണ്ട് പറയിപ്പിക്കാം'. ലാൽ പറഞ്ഞു. പക്ഷേ ജോഷിക്കും ഇക്കാര്യം മമ്മൂട്ടിയോട് പറയാൻ മടി. ഒടുവിൽ മമ്മൂക്കയുടെ വായിലിരിക്കുന്ന തെറി കേൾക്കാമെന്ന് വച്ച് ഞാൻ തന്നെ കാര്യം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ജഗതിയുടെ റോൾ ഒന്ന് ഡെവലപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞപ്പോഴേ, അതിനെന്താ ചെയ്‌തേക്കാം. നീ ജോഷിയോട് ഓകെ പറഞ്ഞേക്ക് എന്നു മറുപടി നൽകി.
ഫോൺ വച്ചശേഷം ഞാനും മോഹൻലാലും ജോഷിയും കുറേ നേരം സ്തംഭിച്ച് ഇരിപ്പായി. ഇങ്ങരേ ഇത് സീരിയസായി പറഞ്ഞതാണോ അതോ കളിയാക്കിയതാണോ എന്ന്. എന്തായാലും രാത്രി ജോഷി വീണ്ടും വിളിച്ചതോടെ സംഗതി ഓകെയാണെന്ന് ഉറപ്പിക്കുകയായിരുന്നു'.