red-156

സുരേഷ് കിടാവ് ഡി.വി.ആർ ഔട്ട്‌പുട്ട് എൽ.ഇ.ഡി ടിവിയുമായി കണക്ടു ചെയ്തു.

പിന്നെ 'പ്ളേബായ്ക്ക് ' ചെയ്ത് തലേന്നു രാത്രിയിലെ ദൃശ്യങ്ങൾ എടുത്തു.

ഏവരും ആകാംക്ഷയോടെ ടിവിയിലേക്കു നോക്കി.

അവരുടെ പുരികം ചുളിഞ്ഞു.

പാഞ്ചാലിയുടെ മുറിയുടെ വാതിൽ വിടവിലൂടെ മഞ്ഞുപോലെ പുക പുറത്തേക്കു വരുന്നു...

ആ പുകയ്ക്കു പിന്നിൽ ചില രൂപങ്ങൾ ചലിക്കുന്നത് അവ്യക്തമായി കാണാം.

അനുനിമിഷം പുകയ്ക്കു കട്ടിയേറുകയാണ്. പുക മുന്നോട്ടു വരുന്നു. മഞ്ഞുപോലെ..

ആരോ പുകയെ മുന്നോട്ടു നയിക്കുന്നതുപോലെ തോന്നി.

ആ പുകയ്ക്കുള്ളിൽ ഒരുപാടു പേരുണ്ട്. കറുത്ത രൂപങ്ങൾ. അസ്ഥികൂടങ്ങൾ. അനങ്ങുന്നതുപോലെ അതു കാണാം.

ഓരോ ക്യാമറയ്ക്കും അരുകിലേക്കു പുക നീങ്ങുന്നു...

എല്ലാ ക്യാമറകളിലും പുകയുടെ ദൃശ്യങ്ങൾ...

പുകയ്ക്കുള്ളിൽ താളത്തിനൊത്തുള്ള ഡാൻസും അട്ടഹാസങ്ങളും...

എം.എൽ.എ ശ്രീനിവാസ കിടാവിന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടി. കർച്ചീഫ് എടുത്ത് അയാൾ നെറ്റി അമർത്തി തുടച്ചു.

''ഇത് പ്രേതങ്ങൾ തന്നെയാ... എന്റെ കുഞ്ഞുങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം! ഒരിക്കൽ പോലും മനുഷ്യർക്ക് ഇങ്ങനെ ചെയ്യുവാൻ കഴിയില്ല..."

അതുകണ്ട് രേണുക വിലപിച്ചുകൊണ്ട് ഹേമലതയ്ക്കു നേരെ തിരിഞ്ഞു.

ഇനി ഒരു നിമിഷം ഇവിടെ താമസിക്കരുത് മോളേ.."

''നിർത്ത്." പെട്ടെന്നു കിടാവ് കൈ ഉയർത്തി. ''ഈ കാലഘട്ടത്തിൽ ഭൂതപ്രേതാദികളിൽ വിശ്വസിക്കുന്നത് തെറ്റാണ് രേണുക... എനിക്ക് എന്തൊക്കെയോ സംശയം തോന്നുന്നു..."

അയാൾ ഫോൺ എടുത്ത് സി.ഐ അലിയാരുടെ നമ്പരിലേക്കു കാൾ അയച്ചു.

അലിയാർ അപ്പോൾ സ്റ്റേഷനിലെ തന്റെ ക്യാബിനിൽ ഇരുന്ന് അണലി അക്‌ബറുടെ വീടിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.

അത് എവിടെയെന്നു കണ്ടെത്തുകയും ചെയ്തു.

അയാളുടെ വീട്ടിലേക്കു പോകുവാൻ തീരുമാനിച്ച് എസ്.ഐ സുകേശിനെ വിളിച്ചു.

''സാർ..." സുകേശ് അയാൾക്കു മുന്നിൽ അറ്റൻഷനായി.

ആ ക്ഷണം ഫോൺ ഇരമ്പി.

അലിയാർ എടുത്തുനോക്കി. ശ്രീനിവാസ കിടാവിന്റെ പേരു തെളിഞ്ഞതും അലിയാരുടെ മുഖം മുറുകി.

''രാവിലെ എന്തു കുരിശാണാവോ." പിറുപിറുത്തുകൊണ്ട് കാളെടുത്തു.

''സി.ഐ അലിയാർ..."

''ഞാൻ എം.എൽ.എയാ."

അപ്പുറത്തു നിന്നു പറഞ്ഞതത്രയും അയാൾ മൂളിക്കേട്ടു.

''ങാ. ഞാൻ വരാം."

അത്രമാത്രം പറഞ്ഞിട്ട് കാൾ മുറിച്ചു.

ശേഷം സുകേശിനു നേർക്കു തിരിഞ്ഞ് ഒരു ഫയൽ എടുത്തു നീട്ടി.

''ഇത് അണലി അക്‌ബറെ കുറിച്ചുള്ള ഡീറ്റയിൽസാ. സുകേശ് ആരെയെങ്കിലും കൂട്ടി അയാളുടെ വീട്ടിൽ പോകണം. അയാളെ കാണാതായ അന്നും തലേ ദിവസങ്ങളിലുമൊക്കെ ഉണ്ടായ സംഭവങ്ങൾ ഭാര്യയോടോ മാതാപിതാക്കളോടോ ചോദിച്ചറിയണം."

''സാർ." സുകേശ് ഫയൽ വാങ്ങി.

ഒരിക്കൽ കൂടി അറ്റൻഷനായിട്ട് പുറത്തേക്കു പോയി.

അവിടെ ജീപ്പ് സ്റ്റാർട്ടാവുന്ന ശബ്ദം കേട്ടു.

രണ്ട് പോലീസുകാരെയും കൂട്ടി അലിയാരും ബൊലേറോയിൽ വടക്കേ കോവിലകത്തേക്കു ചെന്നു.

കാത്തിരിക്കുകയായിരുന്നു എം.എൽ.എയും കുടുംബവും.

സുരേഷ് കിടാവ് തലേന്നത്തെ കാര്യങ്ങൾ സി.ഐയോട് വിസ്തരിച്ചു പറഞ്ഞു. എല്ലാം മൂളിക്കേട്ട ശേഷം അലിയാർ സി.സിടി.വി ദൃശ്യങ്ങളും കണ്ടു.

പിന്നെ എഴുന്നേറ്റു.

''എനിക്ക് ആ മുറിയൊന്നു കാണണം. പുക ആദ്യമായി പുറത്തേക്കു വന്ന മുറി."

''വരണം സാർ..."

സുരേഷ് കിടാവ് അയാളെ പാഞ്ചാലിയുടെ റൂമിലേക്കു കൊണ്ടുപോയി.

നടുത്തളത്തിൽ കസേരയിലിരുന്ന് ശ്രീനിവാസ കിടാവ് എല്ലാം ശ്രദ്ധിച്ചു.

അലിയാർ പാഞ്ചാലിയുടെ മുറിവാതിൽ തള്ളിത്തുറന്നു.

അതിനുള്ളിൽ അപ്പോഴും കുന്തിരിക്കത്തിന്റെ നേർത്ത ഗന്ധം തങ്ങിനിൽക്കുന്നതുപോലെ...

അവളുടെ മരണശേഷം ആ റൂം ആരും ഉപയോഗിച്ചിരുന്നില്ല. എല്ലാം പഴയ നിലയിൽത്തന്നെയായിരുന്നു...

അലിയാരുടെ കണ്ണുകൾ എല്ലായിടത്തും ഇഴഞ്ഞുനടന്നു.

അയാൾ അലമാരയും മേശയുമൊക്കെ തുറന്നു നോക്കി.

സംശയകരമായി ഒന്നുമില്ല.

പെട്ടെന്ന് അലിയാർ തറയിലേക്കു നോക്കി.

ആ കണ്ണുകൾ ഒന്നു പിടഞ്ഞു.

തറ നന്നായി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു!

''ഇതിനുള്ളിൽ ക്ളീനിങ്ങ് നടത്താറുണ്ടോ?"

അലിയാർ തിരിഞ്ഞ് സുരേഷിനെ നോക്കി.

''നേരത്തെ ചെയ്തിരുന്നോ എന്ന് അറിയില്ല. ഞങ്ങൾ പക്ഷേ ഈ ഭാഗത്തേക്കു വന്നിട്ടു പോലുമില്ല."

അലിയാർ അമർത്തി മൂളി.

''ചന്ദ്രകലയും പ്രജീഷും ഇപ്പോൾ എവിടെയാണ്?"

''അതും അറിയില്ല സാർ... അഡ്വാൻസും വാങ്ങി എഗ്രിമെന്റ് ഒപ്പിട്ടശേഷം അവരെക്കുറിച്ച് വിവരമൊന്നുമില്ല..."

വാതിൽക്കൽ ഒരു ചലനം. അലിയാർ കണ്ടു, ശ്രീനിവാസ കിടാവ്.

അയാൾ കേൾക്കാൻ വേണ്ടി അലിയാർ പറഞ്ഞു:

''പത്തുകോടി രൂപ അഡ്വാൻസ് വാങ്ങിയശേഷം അവരെ കണ്ടില്ലെങ്കിൽ, ഒരു പക്ഷേ അവരിപ്പോൾ ബാക്കിയുണ്ടാവില്ല എന്നും കരുതാം."

പറഞ്ഞിട്ട് അയാൾ കിടാവിനെ നോക്കി. ആ മുഖം വിളറുന്നതു കണ്ടു !

(തുടരും)