''സുരേഷേ... അവര് നമ്മളെ കൊല്ലും..." കുട്ടികളെ തന്നിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് ഹേമലത വിങ്ങി.
സുരേഷിനു മറുപടി ഉണ്ടായില്ല. അയാൾ വാതിൽ തകർന്ന ഭാഗത്തേക്കു തുറിച്ചു നോക്കി.
വല്ല വിധേനയും ധൈര്യം സംഭരിക്കുവാൻ ശ്രമിച്ചു.
പിന്നെ പിസ്റ്റൾ അവിടേക്ക് ചൂണ്ടിപ്പിടിച്ചു. പക്ഷേ തുടർന്ന് ശബ്ദമൊന്നും കേട്ടില്ല.
ക്രമേണ കുന്തിരിക്കത്തിന്റെ പുക അടങ്ങി. ഗന്ധവും.
സുരേഷ് എഴുന്നേറ്റു.
''ഞാനൊന്നു നോക്കിയിട്ടു വരട്ടെ..."
''വേണ്ടാ."
ഹേമലത അയാളെ വിട്ടില്ല.
******
ഗൂഢല്ലൂരിൽ നിന്ന് നാടുകാണി ചുരത്തിലേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു ശിവലിംഗവുമൊന്നിച്ച് പ്രജീഷും ചന്ദ്രകലയും പരുന്ത് റഷീദും.
റോഡിൽ വാഹനങ്ങൾ തീരെ കുറവ്.
ബന്ദിപ്പൂർ വനത്തിലൂടെ രാത്രികാല വാഹന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും അതിനു മുൻപ് അവർ മുതുമല പിന്നിട്ടിരുന്നു.
ഇനി പുലർച്ചെ നാലുമണിക്കു ശേഷം വാഹനങ്ങൾ പ്രതീക്ഷിച്ചാൽ മതി.
അതുകൊണ്ടുതന്നെ ഗൂഢല്ലൂരിൽ കർണാടകയ്ക്കു പോകേണ്ട വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തിരുന്നു.
ഗൂഢല്ലൂരിൽ വന്ന് ഭക്ഷണം കഴിച്ച ശേഷമായിരുന്നു അവരുടെ യാത്ര...
കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും...
റോഡിൽ നേർത്ത പുക പോലെ മഞ്ഞു വ്യാപിച്ചിരുന്നു.
ഇരുവശത്തുനിന്നും മുളങ്കാടുകൾ റോഡിലേക്കു ചാഞ്ഞുകിടക്കുകയാണ്. ആകാശം കാണാൻ വയ്യ.
ജീപ്പിലേക്ക് തണുപ്പ് അരിച്ചുകയറി..
''ഹോ.. ഇങ്ങനെയാണെങ്കിൽ താഴേക്കു പോകും തോറും മഞ്ഞ് കൂടി വരും."
പിറുപിറുത്തുകൊണ്ട് ഡ്രൈവർ ജീപ്പ് ഒരു വശത്തേക്കു ചേർത്തു നിർത്തി. പിന്നെ ഒരു സിഗററ്റിനു തീ പിടിപ്പിച്ചു.
പ്രജീഷിനും ഒന്നു പുകയ്ക്കണമെന്നു തോന്നി.
അയാൾ സിഗററ്റ് എടുത്തപ്പോൾ ശിവലിംഗവും പരുന്തും എടുത്തു.
ജീപ്പിനുള്ളിൽ പുക നിറഞ്ഞപ്പോൾ ചന്ദ്രകല അസ്വസ്ഥയായി.
''നിങ്ങൾ ഒന്നു പുറത്തേക്കിറങ്ങി നിന്നിത് വലിക്കുന്നുണ്ടോ? ഞാൻ ഒരു സ്ത്രീ ഇതിനുള്ളിൽ ഉണ്ടെന്നുള്ള വിചാരം പോലുമില്ല."
ആരും മറുപടി നൽകിയില്ല. എന്നാൽ എല്ലാവരും പുറത്തിറങ്ങി.
ചന്ദ്രകല കൈകൊണ്ടു വീശി പുക അകറ്റാൻ ശ്രമിച്ചു. ശേഷം അവൾ ഒരു കർച്ചീഫ് എടുത്ത് മുഖം പൊത്തിപ്പിടിച്ചു.
പെട്ടെന്ന് പുറത്ത് ഒരു അടിശബ്ദം. ഒപ്പം നിലവിളിയും.
''എന്താ അത്?"
ചന്ദകല പുറത്തേക്കു തല നീട്ടി.
ഇരുട്ടിൽ നിന്ന് ഒരാളെ തൂക്കി ശിവലിംഗവും പരുന്തും കൂടി ജീപ്പിലേക്കിട്ടു.
ചന്ദ്രകല കിടുങ്ങി.
പ്രജീഷ് !
അയാൾക്ക് അനക്കമില്ല.
''ഏയ് പരുന്തേ... എന്തായിത്?"
''കണ്ടില്ലേ... പിന്നെ ചോദിക്കുന്നതെന്തിനാ?"
യാതൊരു ഭയവുമില്ലാത്ത മറുപടി. ചന്ദ്രകലയ്ക്ക് അപകടം മണത്തു.
''പരുന്തേ..."
''മിണ്ടരുത് നീ."
കൈ ചൂണ്ടിക്കൊണ്ട് ശിവലിംഗം മുരണ്ടു:
''നീ എന്താടീ കരുതിയത്? നീയും ഈ കിടക്കുന്നവനും ഒന്നു ഭീഷണിപ്പെടുത്തിയാൽ ഞങ്ങൾ അതുപോലെയങ്ങ് അനുസരിക്കുമെന്നോ?"
തങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു. അവൾക്കു ബോദ്ധ്യമായി.
പരുന്ത് റഷീദ്, പ്രജീഷിന്റെ അരയിൽ നിന്ന് വലിച്ചെടുത്ത റിവോൾവറും പിസ്റ്റളും ഉയർത്തിക്കാണിച്ചു.
''ഇതിന്റെ പിൻബലത്തിലല്ലേ നീയൊക്കെ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്?"
ചന്ദ്രകലയുടെ തലച്ചോറിലൂടെ ഒരു മിന്നൽ പാഞ്ഞു.
''പരുന്തേ... നീ എന്നെ ശരിക്ക് മനസ്സിലാക്കിയിട്ടില്ല."
''പോടീ." അയാൾ ചിറികോട്ടി.
''മറ്റാരെക്കാളും നിന്നെ എനിക്കറിയാം. നിന്റെ ചതികളെക്കുറിച്ച് അറിയാം. അതുകൊണ്ടിനി ഭീഷണി വേണ്ടാ. നീയും ഇവനും കൂടി എന്നെ ഭയപ്പെടുത്തുകയും ഞാൻ പറഞ്ഞതൊക്കെ ഫോണിൽ ഷൂട്ടു ചെയ്യുകയും ചെയ്തതടക്കം കിടാവ് സാറിനോട് പറഞ്ഞിട്ടുണ്ട്."
അയാൾ ഒന്നു ചിരിച്ചു.
ശേഷം തുടർന്നു:
''പിന്നെ ഈ ശിവലിംഗത്തെ ഞാൻ കൂടി ചേർന്ന് മർദ്ദിച്ചത് എന്തിനെന്നു നീ സംശയിക്കുന്നുണ്ടാവും. അത് നമ്മുടെ മുന്നിൽ വന്നു പെട്ടതിന്. പിടി തന്നതിന്. മനസ്സിലായോ... നമ്മൾ ആ വഴി ചെല്ലുമെന്നും മുന്നിൽ വന്നു പെടരുതെന്നും ഇവനോടു പറഞ്ഞിരുന്നതാ. അനുസരിച്ചില്ല ഇവൻ. അതിന്റെ ശിക്ഷയാ..."
അതുകേട്ട് ശിവലിംഗം പുഞ്ചിരിച്ചു.
''എന്റെ ശരീരം റബ്ബർ പന്തുപോലെയാ ചന്ദ്രകലേ... എത്ര ഇടിച്ചാലും ഏൽക്കത്തില്ല."
ചന്ദ്രകലയ്ക്കു തല കറങ്ങി.
പെട്ടു പോയിരിക്കുന്നു!
ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ പ്രജീഷിനെ ഉപേക്ഷിച്ചിട്ട്...!
അല്ലെങ്കിൽത്തന്നെ താഴേക്കും മുകളിലേക്കും രക്ഷപെടാൻ കഴിയാത്ത ഈ ഭാഗത്ത് തനിക്ക് എന്തുചെയ്യാൻ കഴിയും?
''പേടിക്കണ്ടാ. രണ്ടിനെയും തൽക്കാലം ഞങ്ങള് കൊല്ലത്തില്ല. പൊന്മുട്ടയിടുന്ന താറാവുകളെ അത്രവേഗത്തിൽ കൊല്ലാൻ പാടില്ലല്ലോ..."
പരുന്ത് റഷീദ് ജീപ്പിൽ കയറി. പിന്നാലെ ഡ്രൈവറും ശിവലിംഗവും.
കുറച്ചു പുക പുറത്തേക്കു തള്ളി ജീപ്പ് സ്റ്റാർട്ടായി.
പിന്നെ കൊടും വളവുകൾ പിന്നിട്ടു പാഞ്ഞു....
(തുടരും)