ഓസ്കാറിന് ശേഷമുള്ള ജീവിത്തെക്കുറിച്ച് സംസാരിക്കുകയാണ് റസൂൽപൂക്കുട്ടി. ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. "പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണ് സത്യജിത് റേയ്ക്ക് ഓസ്കാർ ലഭിക്കുന്നത്. അപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി. ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ അതിനു ഓസ്കാർ ലഭിക്കുമെന്നാണ് കരുതിയത്. അതിനുമുമ്പേ ഓസ്കാർ സത്യജിത് റായി കൊണ്ടുപോയി. ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സങ്കല്പത്തിലെ സിനിമ രൂപപ്പെടുത്തിയെടുത്തെങ്കിലും വാങ്ങാൻ ആളില്ലെന്ന് തിരിച്ചറിഞ്ഞു. എനിക്ക് വിദ്യാഭ്യാസമുണ്ട്, എന്നാൽ സിനിമയ്ക്ക് എന്നെ വേണ്ട. എന്റെ ആവശ്യകത സിനിമ വ്യവസായത്തിൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞു.
ഓസ്കാർ ലഭിച്ചശേഷം സിനിമ മൊത്തത്തിൽ മാറി. അതിനു കാരണം പുതുതലമുറയാണ്. സിനിമ കാണാനും പഠിക്കാനും പരീക്ഷണം നടത്താനും അതീവ തത്പരരായ യാതൊരു പേടിയുമില്ലാത്ത യുവത. കഴിഞ്ഞ പത്തുവർഷം ഇന്ത്യൻ സിനിമയുടെ സുവർണ കാലമാണ്. അതിഭീകരമായ പുതിയ ചിന്താഗതികൾ, പുതിയ കഥാരീതികൾ, പുതിയ താരങ്ങൾ, പുതിയ സാങ്കേതിക വിദഗ്ദ്ധർ. അങ്ങനെ സിനിമ ആകെ മാറി. അതിനു കാരണമാകാവുന്ന ഘടകങ്ങളിലൊന്ന് ഒരുപക്ഷേ എ.ആർ. റഹ്മാന്റെയും എന്റെയും ഓസ്കാറായിരിക്കാം. അതിനുശേഷമാണ് വലിയ മാറ്റം സംഭവിച്ചത്. പഠനവും അറിവും വൈവിദ്ധ്യവും നൽകി എനിക്ക് സഹായിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഒരു ദിവസം അമിതാഭ് ബച്ചൻ എന്നോട് പറഞ്ഞു, ജീവിതത്തിന്റെ ഒരു ഘട്ടം എത്തുമ്പോൾ നമ്മളെ തേടി ഒരുപാട് അംഗീകാരങ്ങൾ എത്തും. എന്നാൽ ഈ അംഗീകാരങ്ങൾ സൂക്ഷിക്കാൻ പാകമുള്ള ചുമർ ഉണ്ടാക്കേണ്ടത് നമ്മുടെ കടമയാണ്.ആ ചുമരിന് മുകളിലിരുന്നാണ് അംഗീകാരങ്ങൾ തിളങ്ങുക. അതാണ് എന്റെ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഞാൻ ഒരു സാധാരണ മലയാളിയാണ്".-അദ്ദേഹം പറഞ്ഞു.