വീട്ടിലെ അടുക്കളത്തോട്ടത്തിൽ അധികം ബുദ്ധിമുട്ടില്ലാതെ വിളയിച്ചെടുക്കാവുന്ന പച്ചക്കറിയാണ് വഴുതന. വിത്ത് പാകിയാണ് വഴുതന തൈകൾ മുളപ്പിക്കേണ്ടത്. മൂപ്പെത്തിയ കായകൾ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുക. തീരെ ചെറിയ വിത്തുകളായതുകൊണ്ട് അവ ശേഖരിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വരും. അതിനൊരു എളുപ്പപണിയുണ്ട്. മൂത്ത കായകൾ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പാത്രത്തിൽ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതിൽ ഇടുക, നന്നായി കഴുകി, അവശിഷ്ടങ്ങൾ എല്ലാ പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക, വിത്തുകൾ ഉണക്കി സൂക്ഷിക്കുക.
മെയ്, ജൂൺ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകൾ എടുക്കുക. വിതയ്ക്കുന്ന വിത്തുകൾ എല്ലാം മുളക്കില്ല. വളർന്നു വരുന്നവയിൽ തന്നെ ആരോഗ്യമുള്ളവ മാത്രം എടുക്കുക. ടെറസിലെ ഗ്രോ ബാഗ്/ ചെടിചട്ടി അല്ലെങ്കിൽ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകൾ നടുന്നതിന് മുമ്പ് കുറച്ചു നേരം വെള്ളത്തിൽ/സ്യുടോമോണസ് ലായനിയിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയിൽ വിത്തുകൾ കെട്ടി, മുക്കി വെക്കാം. വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യിൽ എടുത്തു കുടയുക.
വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കിൽ വഴുതന തൈകൾ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ച് ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാൻ നല്ല സമയം. ടെറസ് കൃഷി എങ്കിൽ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീൽ മിശ്രിതം ഉപയോഗിക്കാം.