കോഴിക്കോട് എൻ.ഐ.ടിക്ക് അടുത്താണ് ജോളി പതിവായി പോകുമായിരുന്ന ബ്യൂട്ടി പാർലർ. പാർലർ ഉടമ സുലേഖ പറയുന്നു:
ജോളി പാർലറിലെ കസ്റ്റമർ മാത്രമായിരുന്നു. എൻ.ഐ.ടിയിൽ പ്രൊഫസറാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ആദരവോടെയാണ് പാർലറിൽ എല്ലാവരും അവരോട് പെരുമാറിയിരുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും വരും. അവരുടെ ഭർത്താവ് റോയി മരിച്ചപ്പോൾ എന്നെ വിളിച്ചിരുന്നു. ഭർത്താവിന് ഹാർട്ട് അറ്റാക്ക് ആയിരുന്നെന്നും ഒന്നു വരണമെന്നും പറഞ്ഞു. ഞാൻ പോയി, കുറച്ചുസമയമിരുന്ന് മടങ്ങി. ഇതല്ലാതെ, ഈ കേസുമായി എനിക്ക് ഒരു ബന്ധവുമില്ല.
ചാത്തമംഗത്ത് ഹൃദയസ്തംഭനം കാരണം മരിച്ച കോൺഗ്രസ് നേതാവ് രാമകൃഷ്ണനുമായും എനിക്ക് സാമ്പത്തിക ഇടപാടുകളില്ല. ഈ രാമകൃഷ്ണനുമായി എന്റെ ഭർത്താവിന് ചെറിയ സൗഹൃദമുണ്ട്. എനിക്കു നേരിട്ട് അടുപ്പമില്ല. രാമകൃഷ്ണൻ മരിച്ചപ്പോൾ അസ്വാഭാവികത ചൂണ്ടിക്കാട്ടി മകൻ രോഹിത് ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. സ്ഥലം വിറ്റുകിട്ടിയ തുകയിൽ 55 ലക്ഷം രൂപ കാണാതായെന്നും, അതിൽ ജോളിക്കും ബ്യൂട്ടി പാർലർ നടത്തിപ്പുകാരിക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു പരാതി. എനിക്ക് ഒന്നും അറിയില്ല.എന്തിനാണ് ഈ വിവാദങ്ങളെന്ന് വലിച്ചിഴയ്‌ക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും എൻ.ഐ.ടിക്കടുത്ത് ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖ മാദ്ധ്യമങ്ങളോട് പറഞ്ഞു.