tata-nano

ന്യൂഡൽഹി: സ്വന്തമായി ഒരു കാർ എന്ന സാധാരണക്കാരന്റെ സ്വപ്‌‌‌നം പൂവണിയിച്ച ടാറ്രാ മോട്ടോഴ്‌സിന്റെ 'നാനോ" കാർ വിപണിയിൽ നിന്ന് കൂടൊഴിയുന്നു. 2019ൽ ഇതുവരെ വിറ്റുപോയത് ഒരു നാനോ കാർ മാത്രമാണ്. കഴിഞ്ഞ ഒമ്പത് മാസമായി ടാറ്റ, നാനോ ഉത്‌പാദിപ്പിക്കുന്നുമില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒരു നാനോ വിറ്റഴിഞ്ഞത്. അതേസമയം, നാനോ വിപണിയിൽ നിന്ന് പിൻവലിക്കാനോ ഉത്‌പാദനം നിറുത്താനോ കമ്പനി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. 2008ലെ ഓട്ടോ എക്‌സ്‌പോയിലാണ് നാനോയെ ടാറ്റ ആദ്യമായി പരിചയപ്പെടുത്തിയത്. ഒരുലക്ഷം രൂപ മാത്രം വിലയുള്ള നാനോ, തുടക്കത്തിൽ വിപണിയിൽ വൻ തരംഗം സൃഷ്‌ടിച്ചെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി വില്‌പന കുറയുകയാണ്. 2018 ജനുവരി - സെപ്‌തംബറിൽ ഉത്‌പാദനം 297 യൂണിറ്റുകൾ മാത്രമായിരുന്നു.

ടാറ്റ സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്‌ത്രിയും മുൻ ചെയർമാൻ രത്തൻ ടാറ്രയും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നാനോയെ ചൊല്ലി ഉണ്ടായിരുന്നു. നാനോ കനത്ത നഷ്‌ടമാണ് കമ്പനിക്ക് നൽകുന്നതെന്നും ഉത്‌പാദനം നിറുത്തണമെന്നും സൈറസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനെ രത്തൻ ടാറ്റ എതിർത്തതോടെയാണ് തർക്കം രൂക്ഷമായത്.