nobel

സ്റ്റോക്‌ഹോം: 2019ലെ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനുമുള്ള നോബൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കാൻസർ ചികിത്സാരംഗത്ത് പുതുവഴി തെളിച്ച അമേരിക്കൻ ഗവേഷകരായ വില്യം കീലിൻ, ഗ്രെഗ് സമെൻസ, ബ്രിട്ടനിൽ നിന്നുള്ള പീറ്റർ റാറ്റ്ക്ലിഫ് എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം.

കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും എങ്ങനെയെന്നാണ് മൂവരും ചേർന്ന് കണ്ടെത്തിയത്. കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നത് കാൻസർ, അനീമിയ ഉൾപ്പെടെയുള്ള പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ നിർണായകമാകുമെന്നാണ് നോബൽ സമ്മാന ജൂറിയുടെ വിലയിരുത്തൽ. 9.18 ലക്ഷം യു.എസ് ഡോളറാണ് (ഏതാണ്ട് 6.51 കോടി രൂപ) സമ്മാനത്തുക. മൂന്ന് പേർക്കും സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അക്കാഡമിയുടെ തീരുമാനം.

ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർക്ക് ലഭിച്ചു. ഭൗതികപ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകളാണ് കനേഡിയൻ വംശജനായ പീബിൾസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർ നോബൽ നേടിയത്. ഇരുവരും സ്വിറ്റ്സർലൻഡ് സ്വദേശികളാണ്.

10ന് സാഹിത്യത്തിനുള്ള പുരസ്‌കാരവും, 11ന് സമാധാനത്തിനുള്ള പുരസ്‌കാരവും, 14ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരവും പ്രഖ്യാപിക്കും.