vishnu-vinod

ബംഗളുരു: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ വിഷ്ണു വിനോദിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഛത്തിസ്ഗഡിനെതിരെ ഇന്നലെ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 65 റൺസിനായിരുന്നു കേരളത്തിന്റെ ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. മറുപടിക്കിറങ്ങിയ ഛത്തിസ്ഗഡ് 46 ഓവറിൽ 246 റൺസിന് ആൾ ഒട്ടാവുകയായിരുന്നു.

91 പന്തിൽ 123 റൺസുമായി ടൂർണമെന്റിൽ വീണ്ടും സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയശില്പി.

11 കൂറ്റൻ സിക്സറുകളും 5 ഫോറും വിഷ്ണുവിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. അർദ്ധ സെഞ്ച്വറി നേടി വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും (53 പന്തിൽ 56 ) കേരള ഇന്നിംഗ്സിസിലേക്ക് നിർണായക സംഭാവന നൽകി. മൂന്ന് വീതം ഫോറും സിക്സും അസ്ഹർ നേടി. 34 റൺസ് വീതം നേടിയ സച്ചിൻ ബേബിയും ജലജ് സക്സേനയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നായകൻ റോബിൻ ഉത്തപ്പയ്ക്കും സഞ്ജു സാംസണും തിളങ്ങാനായില്ല. ഛത്തിസ്ഗഡിനായി പ്രതാപ് സിംഗ് മൂന്ന് വിക്കറ്ര് വീഴ്ത്തി.

കേരളം ഉയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഛത്തിസ്ഗഡിനെ 4 വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും കെ.എം. ആസിഫും ചേർന്നാണ് തകർത്തത്.അഷുതോഷ് സിംഗ് (77), ജിവൻജ്യോത് സിംഗ് (56) എന്നിവർ ഛത്തിസ്ഗഡ് നിരയിൽ അർദ്ധ സെഞ്ച്വറി നേടി.