ന്യൂഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി എച്ച്.എസ്.ബി.സി ഹോൾഡിംഗ്‌സ് 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ നാല് ശതമാനമാണിത്. ചെലവ് ചുരുക്കാനുള്ള ഇടക്കാല സി.ഇ.ഒ നോയൽ ക്വിന്നിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

വലിയ വേതനം പറ്റുന്ന വിഭാഗം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനി ആലോചിക്കുന്നത്. 2019 ജൂണിലെ കണക്കുപ്രകാരം എച്ച്.എസ്.ബി.സിക്ക് 2.37 ലക്ഷം ജീവനക്കാരുണ്ട്. ഈമാസം അവസാനം പുറത്തുവിടുന്ന മൂന്നാംപാദ പ്രവവർത്തന ഫലത്തിനൊപ്പം ജീവനക്കാരെ കുറയ്‌ക്കുന്ന പ്രഖ്യാപനവും കമ്പനി നടത്തിയേക്കും. സി.ഇ.ഒയായിരുന്ന ജോൺ ഫ്ളിൻ ആഗസ്‌റ്റിൽ രാജിവച്ച ഒഴിവിലേക്കാണ് 'ഇടക്കാല സി.ഇ.ഒ" ആയി നോയൽ ക്വിൻ എത്തിയത്.

ചെലവ് ചുരുക്കൽ നടപടി സംബന്ധിച്ച് ചെയർമാൻ മാർക്ക് ടക്കറുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ജോൺ ഫ്ളിന്നിന് പുറത്തേക്കുള്ള വാതിൽ തുറന്നത്. അമേരിക്ക - ചൈന വ്യാപാരയുദ്ധം, ഹോങ്കോംഗിലെജനകീയ പ്രക്ഷോഭം എന്നിവമൂലം ബിസിനസ് അന്തരീക്ഷം മോശമായ പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കാൻ എച്ച്.എസ്.ബി.സി നിർബന്ധിതരായത്.