പാരിസ്: 36 റാഫേൽ വിമാനങ്ങളിൽ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി ഫ്രാൻസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം ഫ്രാൻസിലെത്തി ഏറ്റുവാങ്ങിയത്. തന്റെ മൂന്ന് ദിവസം നീണ്ട ഫ്രാൻസ് സന്ദർശത്തിനിടെയാണ് റാഫേൽ വിമാനത്തിന്റെ നിർമാതാക്കളായ ദസോ ഏവിയേഷന്റെ ബൊർദോയിലുള്ള യൂണിറ്റിൽ നിന്നും പ്രതിരോധ മന്ത്രി വിമാനം ഏറ്റുവാങ്ങിയത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ആയുധ പൂജയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് രാജ്‌നാഥ് സിംഗ് വിമാനം നാട മുറിച്ച് വിമാനം ഏറ്റുവാങ്ങിയത്. അദ്ദേഹം വിമാനത്തിനുമേൽ ശസ്ത്ര പൂജ നടത്തുകയും ചെയ്തു.
റാഫേൽ വിമാനം ഉപയോഗിച്ച് നടത്തുന്ന ഒരു വ്യോമാഭ്യാസത്തിന്റെ ഭാഗമായി വിമാനത്തിനുള്ളിൽ രാജ്‌നാഥ് സിംഗ് യാത്ര ചെയ്യുകയും ചെയ്യും. വിമാനം ഏറ്റുവാങ്ങാനെത്തിയ രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നയതന്ത്ര വിഷയങ്ങളും ചർച്ച ചെയ്തു. ഫ്രാൻസിൽ നിന്നും ആദ്യത്തെ റാഫേൽ വിമാനം ഏറ്റുവാങ്ങിയ ഈ ദിവസം ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണെന്നും ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഈ കൈമാറ്റം എന്നും വിമാനം കൈമാറുന്ന ചടങ്ങിൽ വച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു.
59,000 കോടി രൂപയുടെ റാഫേൽ വിമാനം സംബന്ധിച്ചുള്ള കരാറാണ് സെപ്തംബർ 2016ൽ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. ബാക്കി വിമാനങ്ങൾ 2022ഓടെയാണ് ഇന്ത്യയിലേക്കെത്തുക. റാഫേൽ കരാറുമായി ബന്ധപ്പെട്ട് ബി.ജെ.പി വൻ അഴിമതി നടത്തിയെന്ന് ആരോപിച്ച് ഒരു പ്രമുഖ ഇംഗ്ളീഷ് പത്രം തെളിവുകളോടെ രംഗത്തുവരികയും പ്രതിപക്ഷ പാർട്ടികൾ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.