rafale
rafale, french government, nda, bjp, reliane

ബോർദിയോ (ഫ്രാൻസ്): പാകിസ്ഥാനും ചൈനയ്‌ക്കും മുന്നിൽ ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ഫ്രാൻസിൽ ഏറ്റുവാങ്ങി. തുടർന്ന് രാജ്നാഥ് സിംഗ് ആ വിമാനത്തിൽ പറന്ന് ചരിത്രം കുറിക്കുകയും ചെയ്‌തു.

ഇന്ത്യൻ വ്യോമസേനയുടെ 87-ാം വാർഷിക ദിനമായ ഇന്നലെ

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ മെറിഞ്ഞാക്കിലുള്ള ദസോ ഏവിയേഷൻ കേന്ദ്രത്തിൽ ഇന്ത്യൻ പതാകയുടെ പശ്ചാത്തലത്തിലാണ് റാഫേൽ ഇന്ത്യയ്‌ക്ക് കൈമാറിയത്. ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർളിയും ഇന്ത്യൻ സൈനിക ഓഫീസർമാരും പങ്കെടുത്തു.

ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്‌ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തിൽ തിലകം ചാർത്തി പൂക്കളും നാളികേരവും സമർപ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് റാഫേൽ വിമാനത്തിൽ പറന്നത്. ഫ്രഞ്ച് പൈലറ്റാണ് വിമാനം പറത്തിയത്. ഇന്ത്യൻ പൈലറ്റുമാർക്ക് റാഫേലിൽ പരിശീലനം ലഭിക്കുന്നതേയുള്ളൂ.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേൽ യുദ്ധ വിമാനങ്ങളിൽ ആദ്യത്തേതാണിത്. ഇതുൾപ്പെടെ ആദ്യബാച്ചിലെ നാല് പോർവിമാനങ്ങൾ അടുത്ത വർഷം മേയിൽ ഫ്രാൻസിൽ നിന്ന് ഇന്ത്യയിൽ പറന്നെത്തും. 2022 സെപ്‌തംബറോടെ 36 വിമാനങ്ങളും ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേ പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്നാഥ് റാഫേൽ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഞ്ഞാക്കിലേക്ക് പോയത്.

ഇന്ത്യയുടെ വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആർ.ബി 001 എന്നാണ് പുതിയ വിമാനത്തിന്റെ നമ്പർ. റാഫേൽ കരാർ ഒപ്പിടുന്നതിൽ ബദൗരിയയുടെ പങ്ക് നിർണായകമായിരുന്നു

''റാഫേൽ എന്ന ഫ്രഞ്ച് വാക്കിന്റെ അർത്ഥം കൊടുങ്കാറ്റെന്നാണ്. ഈ വിമാനം അത് അന്വർത്ഥമാക്കും. ഇത് ചരിത്ര നിമിഷമാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായി. റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും. റാഫേലിൽ പറന്നത് വലിയ ബഹുമതിയാണ്. വിലമതിക്കാനാവാത്ത അനുഭവവും''

- രാജ്‌നാഥ് സിംഗ് ഫ്രാൻസിൽ പറഞ്ഞത്

റാഫേൽ

ലോകത്തെ ഏറ്റവും മികച്ച പോർ വിമാനങ്ങളിലൊന്ന്

ഇരട്ട എൻജിനും രണ്ട് പൈലറ്റുമാരും

വിമാന വാഹിനി കപ്പലിൽ നിന്നും കരയിൽ നിന്നും പറക്കാം

എല്ലാ യുദ്ധ ദൗത്യങ്ങൾക്കും ഉപയോഗിക്കാം

വ്യോമപ്രഹരത്തിൽ പൂർണ ആധിപത്യം

ശത്രുരാജ്യത്ത് കടന്നുകയറി ആക്രമിക്കും

വ്യോമ പ്രതിരോധം, നിരീക്ഷണം, കപ്പൽ വേധം

ആണവായുധ ശേഷി

 വിവാദമായ കരാർ

2012ൽ അന്നത്തെ യു.പി.എ സർക്കാരാണ് റാഫേൽ കരാർ ഒപ്പിടുന്നത്. 126 വിമാനങ്ങൾ 54,000 കോടി രൂപയ്‌ക്ക് വാങ്ങാനായിരുന്നു കരാർ. 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകാനും 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി ചേർന്ന് നിർമ്മിക്കാനും വിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു.

മോദി സർക്കാർ 2016ൽ കരാർ മാറ്റി. 36 വിമാനങ്ങളാക്കി കുറച്ചു. 59,000 കോടി രൂപയാണ് കരാർ തുക. സാങ്കേതികവിദ്യാ കൈമാറ്റം ഇല്ല.

ഇതോടെ പ്രതിപക്ഷം അഴിമതി ആരോപിച്ചു. എച്ച്.എൽ.എല്ലിനെ തഴഞ്ഞ് അനിൽ അംബാനിയുടെ കടലാസ് കമ്പനിയെ ദസോയുടെ നിർമ്മാണ പങ്കാളിയാക്കിയെന്നും ആരോപണം ഉയർന്നു. 30,000 കോടിയാണ് അഴിമതി ആരോപിച്ചത്.