bank-loan

കൊച്ചി: രാജ്യത്ത് ബിസിനസ് വായ്‌പാ വിതരണം കുത്തനെ ഇടിഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2018-19 ഏപ്രിൽ മുതൽ സെപ്‌തംബർ പകുതിവരെ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ 7.4 ലക്ഷം കോടി രൂപയുടെ ബിസിനസ് വായ്‌പകൾ വിതരണം ചെയ്‌തിരുന്നു. നടപ്പുവർഷം (2019-20) സെപ്‌തംബർ മദ്ധ്യംവരെ വിതരണം ചെയ്‌തത് 90,955 കോടി രൂപ മാത്രമാണ്. ഇടിവ് 87 ശതമാനം.

സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് വായ്‌പാ വിതരണത്തിലുണ്ടായ ഈ തകർച്ച. മാത്രമല്ല, നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നേരത്തേ പ്രതീക്ഷിച്ച ഏഴു ശതമാനത്തിൽ നിന്ന് 6.1 ശതമാനത്തിലേക്ക് കുറയുമെന്ന റിസർവ് ബാങ്കിന്റെ അഭിപ്രായം ശരിവയ്‌ക്കുന്നതുമാണ്. ബാങ്കുകളിൽ നിന്നുള്ള വായ്‌പാ വിതരണം 3.1 ലക്ഷം കോടി രൂപയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പാ വിതരണം 3.3 ലക്ഷം കോടി രൂപയും കുറഞ്ഞിട്ടുണ്ട്.

ബിസിനസ് സ്ഥാപനങ്ങൾ പുറത്തിറക്കിയ കൊമേഴ്‌സ്യൽ പേപ്പറുകളിലും കടപ്പത്രങ്ങളിലും ബാങ്കുകളും മ്യൂച്വൽഫണ്ട് സ്ഥാപനങ്ങളും നിക്ഷേപം കുറച്ചതും വായ്പാ വിതരണം താഴാൻ കാരണമായിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും വായ്‌പാ വിതരണം കുത്തനെ കുറഞ്ഞു. എന്നാൽ, വിദേശ ബാങ്കുകളിൽ സ്ഥിതി ഭേദമാണെന്നും റിപ്പോർട്ടിലുണ്ട്. നടപ്പുവർഷം ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) കാർഷിക, വ്യക്തിഗത വായ്‌പകളിൽ കാര്യമായി കുറവില്ല.

എന്നാൽ, സേവന മേഖലയിലേക്കുള്ള വായ്‌പാ വിതരണം 2019 ജനുവരി മുതൽ തന്നെ വൻതോതിൽ കുറഞ്ഞു. വ്യക്തിഗത വായ്‌പയിൽ ഹൗസിംഗ്, ക്രെഡിറ്ര് കാർഡ് ശ്രേണികളിൽ മികച്ച വർദ്ധനയുണ്ട്. വ്യവസായ വായ്‌പാ ശ്രേണിയിൽ സിമന്റ്, എൻജിനിയറിംഗ്, ബീവറേജസ് ആൻഡ് ടുബാക്കോ, വാഹനം, നിർമ്മാണം, ഊർജം, ടെലികമ്മ്യൂണിക്കേഷൻസ്, അടിസ്ഥാന സൗകര്യ വികസനം എന്നിവ നേരിയ വളർച്ച രേഖപ്പെടുത്തി.

₹7.4 ലക്ഷം കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ (സെപ്‌തംബർ മദ്ധ്യം വരെ) വിതരണം ചെയ്യപ്പെട്ട ബിസിനസ് വായ്‌പകൾ 7.4 ലക്ഷം കോടി രൂപ.

₹90,955 കോടി

നടപ്പു സാമ്പത്തിക വർഷം ആദ്യപാതിയിൽ വിതരണം ചെയ്യപ്പെട്ട ബിസിനസ് വയ്‌പാമൂല്യം 90,955 കോടി രൂപ. ഇടിവ് 87 ശതമാനം.

സ്ഥിതി കൂടുതൽ

വഷളാകും?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളികളെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്. വായ്‌പാ വിതരണക്കുറവ്, ഉപഭോക്തൃ വിപണിയിലെ മാന്ദ്യം എന്നിവമൂലം സമ്പദ്‌സ്ഥിതി തളർച്ചയുടെ ട്രാക്കിലാണ്. ഓട്ടോമൊബൈൽ, റിയൽ എസ്‌റ്റേറ്റ് മേഖലകൾ ഇനിയും തകർച്ചയിൽ നിന്ന് കരകയറിയിട്ടില്ല. വ്യാപാരയുദ്ധം ഉൾപ്പെടെ ആഗോളതല വെല്ലുവിളികളുടെ പ്രതിഫലനം ഇനിയും വരാനിരിക്കുന്നു. സ്വകാര്യ നിക്ഷേപത്തിലുണ്ടായ കുറവും തിരിച്ചടിയാണ്.

കരകയറാൻ

ഉത്തേജകം

കോർപ്പറേറ്ര് നികുതിയിളവ്, പാർപ്പിട മേഖലയ്ക്ക് വൻ ധനസഹായം, അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ ഫണ്ട്, കയറ്റുമതി ഗ്യാരന്റി ഫണ്ട്, സമ്പൂർണ ഇലക്‌ട്രോണിക് ജി.എസ്.ടി റീഫണ്ട് സംവിധാനം എന്നിങ്ങനെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളും മുഖ്യ പലിശനിരക്കിലുണ്ടായ കുറവും സാമ്പദ്‌രംഗത്തെ തിരിച്ചടികളുടെ ആഘാതം കുറയ്‌ക്കാൻ സഹായിച്ചേക്കുമെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടു.

പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധന സഹായം നൽകാനുള്ള ധനമന്ത്രാലയ തീരുമാനം വായ്‌പാ വിതരണത്തിൽ വളർച്ച നേടാൻ സഹായിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.