
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്കെരിരെ ഉയർന്നുവന്ന ആരോപണത്തിനെതിരെ പ്രതികരണവുമായി സി.പി.ഐ.എമ്മിൽ നിന്നു പുറത്താക്കപ്പെട്ട കെ. മനോജ് രംഗത്ത്. താൻ വെള്ളക്കടലാസിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ജോളി തന്നെ ചതിക്കുകയായിരുന്നെന്നും മനോജ് പറഞ്ഞു. തന്റെ ഒപ്പുപയോഗിച്ചാണ് ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയതെന്നും മനോജ് കൂട്ടിച്ചേർത്തു. എന്നാൽ കൊലപാതകത്തിൽ മനോജിന്റെ പേര് ഉയർന്നുകേട്ടതോടെ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന മനോജിനെ പാർട്ടി പുറത്താക്കിയിരുന്നു.
പ്രതി ജോളിയുമായുള്ള ബന്ധപ്പെട്ട വിഷയയത്തിൽ മനോജിന്റെ പേര് ഉയർന്നുകേട്ടിരുന്നു. ഇതിനെ തുടർന്ന് പാർട്ടിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്നു ചൂണ്ടിക്കാണിച്ചാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മാത്രമല്ല ജോളിയും മനോജുമായുള്ള പണമിടപാട് രേഖകൾ കണ്ടെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യൽ പിന്നീടുണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മനോജിനെ പുറത്താക്കിയത്.
അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളി എൻ.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ജോസഫ് എടപ്പാടി. എൻ.ഐ.ടിയിൽ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി പറയുന്നു.ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതൽ ഇവർ കോടഞ്ചേരി ഇടവകാംഗമാണ്. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കൾ കൂടത്തായി ഇടവകാംഗങ്ങളാണ് -ഫാ.ജോസഫ് എടപ്പാടി പറഞ്ഞു.