ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃസ്ഥാനത്ത് നിന്നും ഒഴിഞ്ഞത് പാർട്ടിക്ക് ഏറെ ക്ഷീണമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഏപ്രിലിലും മേയിലുമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ഉൾക്കൊള്ളാൻ സാധിക്കാത്തത് കൊണ്ടാണ് പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി തോൽവി ഏറ്റുവാങ്ങിയെന്നതിനെ കുറിച്ച് ഇനിയുമൊരു വിശലകലനം നടത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും തങ്ങളുടെ നേതാവ് തങ്ങളുടെ വിട്ടുപോയതാണ് കോൺഗ്രസിന്റെ നിലവിലെ ഏറ്റവും വലിയ പ്രശ്നമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ ഖുർഷിദ് പറഞ്ഞു.
പാർട്ടി അംഗങ്ങൾക്കിടയിൽ പാർട്ടിയോടുള്ള കൂറ് നിലനിർത്താൻ രാഹുൽ ഗാന്ധി ഇപ്പോഴും കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. രാഹുൽ ഗാന്ധിയുടെ അഭാവം പാർട്ടിയിൽ ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പാർട്ടിയുടെ അമരത്തേക്ക് വന്നത് ഇക്കാര്യത്തിൽ മറ്റൊരു പ്രതിവിധി ഉണ്ടാകുന്നത് വരെ മാത്രമാണെന്നാണ് സൂചനയെന്നും അതങ്ങനെ ആയിരുന്നില്ലയെങ്കിൽ എന്നാണ് താൻ ആശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന സംസ്ഥാന കോൺഗ്രസ് നേതാവായ അശോക് തൻവാറാണ് ഏറ്റവും അടുത്തായി പാർട്ടിയിൽ നിന്നും രാജിവച്ചത്.