peedanam

കോട്ടയം: ബാലികയെ പീ‌ഡിപ്പിച്ച കേസിൽ വൈക്കത്ത് അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിക്ക് വിവിധ ഭാഗങ്ങളിലായി ഏഴ് ഭാര്യമാരും നിരവധി മക്കളുമുണ്ടെന്ന് രണ്ടാം ഭാര്യ. പ്രതി കടമറ്റത്ത് കത്തനാരുടെ സേവ അവകാശപ്പെട്ട് ദുർമന്ത്രവാദത്തിലൂടെ പണാപഹരണം നടത്തിയതായും പരാതി.

മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന കൊട്ടാരക്കര കിഴക്കേത്തെരുവ് മേലൂട്ടിൽ (മുളമൂട്ടിൽ) എം.ജി. ജോസ് പ്രകാശാണ് (56)കഴിഞ്ഞ ദിവസം പീഡനക്കേസിൽ അറസ്റ്റിലായത്. 2014 ലാണ് ഇയാൾ 10 വയസുകാരിയെ ലൈംഗീകമായി പീ‌ഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ ഉൾപ്പെടെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഭവം മൂടിവയ്ക്കുകയായിരുന്നു. 2018 ൽ ആദ്യ കുർബാനയ്ക്ക് തലേന്ന് കുമ്പസാരവേളയിൽ ഇടവക വികാരിയോട് പെൺകുട്ടി പീഡനം തുറന്നുപറഞ്ഞു. അന്ന് മാതാവിന്റെ പരാതിയിൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസ് പൂഴ്ത്തിവയ്ക്കപ്പെട്ടു. പാലാ മജിസ്ട്രേറ്റിന് നേരിട്ട് മൊഴി കൊടുത്തിട്ടും നടപടി നീണ്ടുപോയി. അടുത്തിടെ വൈക്കം സ്റ്റേഷനിൽ സ്ഥലംമാറിയെത്തിയ ഇൻസ്പെക്ടർ തീരാതെ കിടന്ന കേസുകളുടെ ഫയൽ പരിശോധിച്ചപ്പോഴാണ് പീഡന കഥ പൊങ്ങിവന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയെ വൈക്കത്തുള്ള ഏഴാം ഭാര്യയുടെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.

ജോസ് പ്രകാശ് അകത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇയാളുടെ പീഡനത്തിന് ഇരയായ ഭാര്യമാരുടെ ദുരന്തകഥകളും പുറത്തു വരുന്നു. . പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, ഉല്ലല, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് ഇയാൾക്ക് ഭാര്യമാരും മക്കളുമുള്ളത്. വിവാഹമോചിതനാണെന്നും ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന

ഡോക്ടറാണെന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ വലയിലാക്കിയത്. ഓരോ സ്ത്രീയ്ക്കൊപ്പവും കുറേക്കാലം താമസിക്കുകയും ഒന്നോ രണ്ടോ മക്കളായിക്കഴിയുമ്പോൾ സ്വത്തുക്കൾ അടിച്ചുമാറ്റി സ്ഥലം വിടുകയാണ് പതിവ്. ഏറെക്കാലം കൂടെ കഴിഞ്ഞ കൊട്ടാരക്കര സ്വദേശിനി , 13 വർഷം വിദേശത്ത് ജോലി ചെയ്ത സമ്പാദ്യം മുഴുവൻ ജോസ് പ്രകാശ് കൈക്കലാക്കിയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ദുർമന്ത്രവാദത്തിന്റെ പേരിൽ കോട്ടയത്തെ ഒരു വൃദ്ധന്റെ 2.65 ലക്ഷം രൂപ ഇയാൾ തട്ടിയെടുക്കുകയും ചെയ്തു. കടമറ്റത്ത് കത്തനാരുടെ സേവയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം . .